

അബുദാബി: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. മത്സരത്തിനു മുൻപ് മലയാളി താരം പ്ലെയിങ് ഇലവനിലുണ്ടാകുമോ എന്ന സംശയമായിരുന്നു പല ഭാഗത്തു നിന്നുമുയർന്നത്. എന്നാൽ ഓപ്പണർ സ്ഥാനം നഷ്ടമായെങ്കിലും താരം അന്തിമ ഇലവനിൽ സ്ഥാനമുറപ്പാക്കി.
സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതു സംബന്ധിച്ചും താരത്തെ ഏതു വിധത്തിൽ ടീം ഉപയോഗപ്പെടുത്തുമെന്ന സാധ്യതകളും വ്യക്തമാക്കി സ്പിൻ ഇതിഹാസം ആർ അശ്വിൻ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ടീമിൽ സഞ്ജുവിനു കിട്ടുന്ന പിന്തുണയിൽ സന്തോഷം തോന്നി. കോച്ചും ക്യാപ്റ്റനും അദ്ദേഹത്തോടു കാണിക്കുന്ന കരുതൽ അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തെ ഞങ്ങൾ വേണ്ടവിധം നോക്കുന്നുണ്ടെന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാർത്താസമ്മേളനത്തിലെ സംസാരത്തിൽ അതു വ്യക്തമായി. സഞ്ജു കളിക്കണമെങ്കിൽ അദ്ദേഹം ഒരു പവർപ്ലേ എൻഫോഴ്സ്മെന്ററായിരിക്കണം. പവർ പ്ലേയിൽ ഒരു വിക്കറ്റ് വീണാൽ സഞ്ജു കളിക്കും.'
'ഞാൻ സഞ്ജുവുമായി ചാനലിനു വേണ്ടി സംസാരിച്ചപ്പോൾ 21 തവണ പൂജ്യത്തിനു പുറത്തായാലും 22ാം മത്സരത്തിലും തന്നെ ഉൾപ്പെടുത്തുമെന്നു ഗംഭീർ ഉറപ്പു നൽകിയെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പരിശീലകനും ക്യാപ്റ്റനും അദ്ദേഹത്തിനു നൽകിയ ആത്മവിശ്വാസമാണത്. ഇത് പ്രൊജക്ട് സഞ്ജു സാംസൺ ആണ്. സഞ്ജു കൊണ്ടു വരുന്ന കാര്യങ്ങളിൽ ടീം മാനേജ്മെന്റിനു വിശ്വാസമുണ്ടെന്നു വ്യക്തം. അദ്ദേഹത്തിനു സ്ഥാനം നൽകാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ അവർ തയ്യാറാകുന്നത് നല്ല കാര്യമാണ്'- അശ്വിൻ വ്യക്തമാക്കി.
ആദ്യ കളിയിൽ സഞ്ജുവിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. ബാറ്റിങിൽ സഞ്ജു അഞ്ചാമനാണ്. ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയം പിടിച്ചതിനാലാണ് താരത്തിനു ബാറ്റിങിനു അവസരം കിട്ടാതിരുന്നത്. എന്നാൽ വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമായിരുന്നു. ഡൈവിങ് ക്യാച്ചുകളും സ്റ്റംപിങും റണ്ണൗട്ടുമായി സഞ്ജു കളം വാണു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
