

ടോക്യോ: ഒളിംപിക്സിലെ പ്രധാന ആകർഷകമാണ് ജിംനാസ്റ്റിക്സ് പോരാട്ടം. മെയ്‌വഴക്കം മാത്രമല്ല വനിതാ താരങ്ങളുടെ മേനിയഴക് കൂടി ഈ ഇനത്തിന്റെ ആകർഷകങ്ങളിൽ ഒന്നാണ്. താരങ്ങളുടെ അംഗ ലാവണ്യം വിൽപനച്ചരക്കാക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് സമീപകാലത്ത് ലോകമെങ്ങും ഉയർന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ടോക്യോയിൽ കാണുന്നത്.
തങ്ങളുടെ ശരീരം വിൽപനച്ചരക്കാക്കേണ്ട എന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജർമൻ താരങ്ങൾ. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതൽ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിം സ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന യുനിറ്റാർഡ് വേഷം ധരിച്ചാണ് സാറ വോസ്, പൗലീൻ ഷാഫർ-ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങൾ മത്സരിച്ചത്. സാധാരണയായി മതപരമായ കാരണങ്ങൾ കൊണ്ട് മാത്രമായിരുന്നു ജിംനാസ്റ്റുകൾ കാൽമറയ്ക്കുന്ന വേഷം ധരിച്ച് മത്സരിച്ചിരുന്നത്.
യൂറോപ്യൻ ചാംപ്യൻഷിപ്പിൽ നേരത്തെ തന്നെ പ്രതിഷേധം എന്ന രീതിയിൽ ഈ പുതിയ വേഷവും ധരിച്ച് താരങ്ങൾ മത്സരിച്ചിരുന്നു. ഇപ്പോൾ ശക്തമായ ഈ വേഷ പ്രതിഷേധത്തിന് ഒളിമ്പിക്‌സും വേദിയായിരിക്കുകയാണ്.
പതിനെട്ട് കൊല്ലക്കാലം നൂറു കണക്കിന് താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് 176 വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കൻ വനിതാ ടീമിന്റെ മുൻ ഡോക്ടർ ലാറി നാസറിന്റെ അപ്പീൽ മിഷിഗൺ അപ്പീൽ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രതിഷേധം ഒളിംപിക്സ് വേദിയിലുമെത്തിയത്. നാസറിന്റെ ഞെട്ടുന്ന പീഡന കഥകൾ പുറത്തു വന്നതിനു ശേഷമാണ് വേഷത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്.
പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്‌സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാറ വോസ് പറഞ്ഞു. തങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിണെന്ന് മൂന്നാം ഒളിമ്പിക്‌സിനെിത്തിയ പൗലീൻ ഷഫർ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാകണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
അമേരിക്കൻ ജിംനാസ്റ്റിക്‌സിലെ സൂപ്പർതാരം സിമോൺ ബിൽസ് നേരത്തെ തന്നെ കാലുവരെ മറയുന്ന ഇത്തരം വേഷങ്ങൾക്കു വേണ്ടി രംഗത്തു വന്നിരുന്നു. വേഷം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങൾക്ക് നൽകണമെന്നും ബൈൽസ് പറഞ്ഞു.
അതേസമയം ബിക്കിനി ധരിച്ച് കളിക്കാൻ വിസമ്മതിച്ച നോർവീജിയൻ ബീച്ച് വോളി ടീമിന് പിഴയിട്ടിരുന്നു. ബിക്കിനിക്ക് പകരം സ്‌കിൻ ടൈറ്റ് ഷോട്ട്‌സ് ധരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ സംഘാടകർ ഇത് വകവച്ചുകൊടുത്തില്ല. എന്നാൽ, ഇത്തരം എതിർപ്പ് ജർമൻ ടീമിന് ഒളിംപിക് അസോസിയേഷനിൽ നിന്ന് ഇതുവരെ നേരിടേണ്ടിവന്നിട്ടില്ല. ടീം ഇറങ്ങിയപ്പോൾ നല്ല വേഷം എന്നായിരുന്നു അനൗൺസ്‌മെന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates