'മ‌ധ്യനിരയുടെ നിറവ്'- ജർമൻ കുപ്പായത്തിൽ ഇനി കാണില്ലെന്ന് ടോണി ക്രൂസ്; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

'മ‌ധ്യനിരയുടെ നിറവ്'- ജർമൻ കുപ്പായത്തിൽ ഇനി കാണില്ലെന്ന് ടോണി ക്രൂസ്; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ബെർലിൻ: ലോകകപ്പ് നേട്ടങ്ങളിലേയ്ക്കടക്കം ജർമനിയെ നയിച്ച മധ്യനിരയിലെ മാന്ത്രികൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു.  യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇം​ഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കാൻ തീരുമാനിച്ചത്. 

ജർമനിക്കായി എല്ലാം നൽകി. എന്നാൽ യൂറോ കപ്പ് ജയിക്കുക എന്ന ആ​ഗ്രഹം മാത്രം സഫലമാക്കാനായില്ലെന്ന് ക്രൂസ് വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു. അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ താനുണ്ടാവില്ലെന്നും 31കാരനായ ക്രൂസ് വ്യക്തമാക്കി.

106 മത്സരങ്ങളിൽ ഞാൻ ജർമനിക്കായി കളിച്ചു. ഇനിയൊരു തവണ കൂടി എന്നെ ജർമൻ കുപ്പായത്തിൽ കാണാനാവില്ല. ജർമനിക്കായി 109 മത്സരങ്ങൾ തികച്ച് യൂറോ കപ്പും ജയിച്ച് കരിയർ അവസാനിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹം. എന്നാൽ ജർമനി പ്രീ ക്വാർട്ടറിൽ പുറത്തായതോടെ 106 മത്സരങ്ങളിൽ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ യൂറോ കപ്പ് മാത്രം നേടാനായില്ലെന്നതാണ് ഏറ്റവും വലിയ ദുഃഖമായി അവശേഷിക്കുന്നത്.

യൂറോ കപ്പിനു ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും റയൽ മാഡ്രിഡിന്റെ താരമായ ക്രൂസ് പറഞ്ഞു. 2022ലെ ഖത്തർ ലോകകപ്പിൽ കളിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. അടുത്ത ഏതാനും വർഷങ്ങളിൽ റയൽ മാഡ്രിഡിനു വേണ്ടിയുള്ള കളികളിൽ മാത്രം ശ്രദ്ധിക്കാനാണ് ആ​ഗ്രഹിക്കുന്നത്.

11 വർഷത്തോളം ജർമനിയുടെ ദേശീയ ജേഴ്സി അണിയാനായതിൽ അഭിമാനമുണ്ട്. കരിയറിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഒപ്പം എന്നെ വിമർശിച്ചതിലൂടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ച എല്ലാ വിമർശകർക്കും നന്ദി പറയുന്നു. അവസാനമായി ജർമൻ പരിശീലകൻ ജോക്വിം ലോക്കും നന്ദി പറയുന്നു. കാരണം അദ്ദേഹമാണ് എന്നെ ദേശീയ താരമാക്കിയതും ലോക ചാമ്പ്യനാക്കിയതും. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന് എല്ലാവിധ ആശംസകളും നേരുന്നു- ക്രൂസ് വിരമിക്കൽ കുറിപ്പിൽ ക്രൂസ് വ്യക്തമാക്കി. 

2010 മുതൽ 2021 വരെ ജർമനിക്കായി 106 മത്സരങ്ങൾ കളിച്ച ക്രൂസ് 17 ​ഗോളുകൾ നേടി. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ ജർമനി 7-1ന് തകർത്ത മത്സരത്തിലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടിയ മത്സരത്തിലും ക്രൂസിന്റെ പ്രകടനം നിർണായകമായിരുന്നു. ബ്രസീലിനെ ജർമനി 7-1ന് തോൽപ്പിച്ച മത്സരത്തിൽ രണ്ട് ​ഗോളുകൾ നേടിയ ക്രൂസ് നാല് ​ഗോളുകളിൽ പങ്കാളിയാവുകയും ചെയ്തിരുന്നു.

2014 ലെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിലൊരാളായ ക്രൂസ് ഫിഫയുടെ ഓൾ സ്റ്റാർ ടീമിലും ഇടം നേടി. ബയേൺ മ്യൂണിക്കിൽ ക്ലബ്ബ് കരിയർ തുടങ്ങിയ ക്രൂസ് 2014 മുതൽ റയൽ മാഡ്രിഡിന്റെ താരമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com