

ലഖ്നൗ: ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരം ഹമീദ ബാനുവിനു ആദരവുമായി ഗൂഗിൾ ഡൂഡിൽ. 1940-50 കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറെ പ്രസിദ്ധി നേടിയ താരമായിരുന്നു ഹമീദ ബാനു. പുരുഷൻമാർ കൈയടക്കി വച്ചിരുന്ന ഗുസ്തി മേഖലയിലേക്ക് അമ്പരപ്പിക്കുന്ന മികവോടെ കടന്നു വന്ന അവർ അക്കാലത്തെ പ്രസിദ്ധരായ പുരുഷ താരങ്ങളെ ഗോദയിൽ മലർത്തിയടിച്ചാണ് ശ്രദ്ധയാകർഷിച്ചത്.
തന്നോടു മത്സരിക്കാൻ അവർ പുരുഷ താരങ്ങളെ വെല്ലുവിളിച്ചു. ഏതാണ്ട് 300ഓളം മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയ അവർ അസാധാരണ വെല്ലുവിളികൾ ഉയർത്തി അമ്പരപ്പും സൃഷ്ടിച്ചു. തന്നെ ആരാണോ തോൽപ്പിക്കുന്നത് ആ പുരുഷ താരത്തെ വിവാഹം ചെയ്യാമെന്നു വരെ അവർ വെല്ലുവിളിച്ചു.
അലിഗഢിന്റെ ആമസോൺ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. 1954ൽ അക്കാലത്തെ ഏറ്റവും മികച്ച പുരുഷ ഗുസ്തി താരമായിരുന്ന ഛോട്ടാ ഗാമ പഹൽവാനെ ഗോദയിൽ മലർത്തിയടിച്ചാണ് അവർ ഇന്ത്യൻ ജനതയെ അമ്പരപ്പിച്ചത്. 1954 മെയ് നാലിനായിരുന്നു വിഖ്യാതമായി മാറിയ ഈ പോരാട്ടം. അന്ന് വെറും ഒരു മനിറ്റ് 34 സെക്കൻഡിൽ അവർ പഹൽവാനെ കീഴടക്കി. ഇതിനോടുള്ള ആദരമായാണ് ഇന്ന് ഗൂഗിൾ ഡൂഡിൽ മാറ്റിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രതാപ കാലത്തെ അവരുടെ ഭക്ഷണ രീതികളും മറ്റും വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 108 കിലോ ഭാരവും 1.6 മീറ്റർ ഉയരവുമുള്ള അവർക്ക് പാൽ ഇഷ്ട വിഭവമായിരുന്നു. ദിവസത്തിൽ 5- 6 ലിറ്റർ പാൽ വരെ അവർ കുടിച്ചിരുന്നു. ബിരിയാണി, മട്ടൻ, ബദാം, വെണ്ണ തുടങ്ങിയവയും ധാരാളം കഴിക്കുമായിരുന്നു.
എന്നാൽ പിന്നീട് അവർ കൊടിയ ദാരിദ്ര്യം അനുഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വഴിയോര കച്ചവടക്കാരിയായും വീടുകളിൽ പാലും മറ്റും എത്തിച്ചു നൽകുന്ന ജോലിയടക്കമുള്ളവയും ചെയ്തു. ഗുസ്തിയിലടക്കം പിൽക്കാലത്ത് കായിക മേഖലയിലേക്ക് കടന്നു വന്ന വനിതാ താരങ്ങൾക്ക് ഹമീദ ബാനു ഒരു റോൾ മോഡലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates