ഇക്കുറിയും കപ്പ് ​ഗുജറാത്തിനോ? 'ടൈറ്റ്' മത്സരങ്ങൾ ഇന്ന് തുടങ്ങും, നാലിൽ ഏത് ടീം കിരീടം നേടും? 

ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് എത്തും
​ഗുജറാത്ത് താരം ശുഭ്മാൻ ​ഗിൽ, എം എസ് ധോനി/ ചിത്രം: പിടിഐ
​ഗുജറാത്ത് താരം ശുഭ്മാൻ ​ഗിൽ, എം എസ് ധോനി/ ചിത്രം: പിടിഐ
Updated on: 
1 min read

ഐപിഎൽ പതിനാറാം സീസണിൽ ഫൈനലിലേക്ക് ആദ്യം എത്തുന്ന ടീമിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് എത്തുമ്പോൾ തോൽക്കുന്ന ടീമിന് രണ്ടാം പ്ലേഓഫിൽ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ഫൈനലിലേക്ക് എത്താൻ അവസരമുണ്ട്. ലഖ്നൗ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് രണ്ടാം ക്വാളിഫയർ. 

ഗുജറാത്ത് ടൈറ്റൻസ്

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ ഇക്കുറിയും മുന്നിൽ തന്നെയാണ്. കിരീടനേട്ടത്തിന് കൂടുതൽ സാധ്യത കൽപ്പിക്കുപ്പെടുന്ന ടീമും ടൈറ്റൻസാണ്. റാഷിദ് ഖാൻ നയിക്കുന്ന ബൗളിങ് നിരയും ശുഭ്മാൻ ഗിൽ തുടക്കമിടുന്ന ബാറ്റ്ങ് വിസ്മയവും ചേരുമ്പോൾ ടൈറ്റൻസ് കപ്പിൽക്കുറഞ്ഞൊന്നും നോട്ടമിടുന്നില്ല. ലീഗ് ഘട്ടത്തിൽ ആധിപത്യമുറപ്പിച്ച് മുന്നേറിയ ഹർദ്ദിക്ക് പാണ്ഡ്യയും സംഘവും 14 മത്സരങ്ങളിൽ 10ഉം ജയിച്ചാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചത്. 

ചെന്നൈ സൂപ്പർ കിങ്‌സ്

ധോനിയുടെ മഞ്ഞപ്പട പതിവുപോലെ ഇക്കുറിയും കയറ്റിറക്കങ്ങൾ കണ്ടുതന്നെയാണ് ക്വാളിഫയർ വരെ എത്തിനിൽക്കുന്നത്. അജിങ്ക്യ രഹാനെ, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മതീഷ പതിരണ എന്നിവർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ സിഎസ്‌കെയുടെ മുന്നേറ്റം കണ്ടു. ഒടുവിൽ ലീ​ഗ് പോരാട്ടങ്ങളിൽ രണ്ടാം സ്ഥാനക്കാരായാണ് ക്വാളിഫയറിലേക്ക് ധോനിപ്പട എത്തിയിരിക്കുന്നത്. 14 കളികളിൽ എട്ടെണ്ണം ജയിച്ച ചെന്നൈ മികച്ച നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനക്കാരായത്. 

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

കിരീടനേട്ടവും റെക്കോർഡുകളും കൊണ്ടുമാത്രമായിരിക്കില്ല ഐപിഎല്ലിന്റെ 16-ാം സീസൺ ഓർമ്മിക്കപ്പെടുന്നത്. അത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോർവിളികളുടെ പേരിൽ കൂടെയായിരിക്കും. വരും കാലങ്ങളിൽ മുംബൈ - ചെന്നൈ പോരാട്ടങ്ങളേക്കാൾ അവേശകരമായ മത്സരമായിരിക്കും ലഖ്‌നൗ-ബാംഗ്ലൂർ നേർക്കുനേരെത്തുന്നത്. കോഹ്ലി - ഗംഭീർ, കോഹ്ലി - നവീൻ എന്നിങ്ങനെ നീളുന്ന വാക്ക്‌പോരുകൾ താരങ്ങൾക്ക് പിഴ വാങ്ങിക്കൊടുത്തിട്ടും സോഷ്യൽമീഡിയയിലെ ആരാധകപോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. പക്ഷെ ക്വാളിഫയറിൽ എത്താനാകാതെ ബാംഗ്ലൂർ മടങ്ങിയപ്പോൾ അവസാന മത്സരത്തിലെ ഒരു റൺ ജയത്തിന്റെ ബലത്തിൽ ലഖ്‌നൗ പ്ലേഓഫിലെത്തി. 

മുംബൈ ഇന്ത്യൻസ്

അഞ്ച് തവണ ഐപിഎൽ കപ്പുയർത്തിയിട്ടുള്ള മുംബൈ ഇക്കുറി 16 പോയിന്റോടെ നാലാം സ്ഥാനക്കാരായി കഷ്ടിച്ചാണ് പ്ലേ ഓഫിൽ കടന്നുകൂടിയത്. കിടിലൻ ടീമാണെന്ന് തോന്നിച്ചെങ്കിലും രോഹിത് ശർമ്മയും പിള്ളേരും കളിക്കളത്തിൽ പ്രതീക്ഷിച്ചത്ര ശോഭിച്ചില്ല. അഞ്ച് തോൽവികൾ ഒന്നിനുപിന്നാലെ ഒന്നായി നേരിട്ട മുംബൈ ഒരു ഘട്ടത്തിൽ ക്വാളിഫയറിലേക്ക് ഒരു കാരണവശാലും എത്തില്ലെന്ന് തോന്നിപ്പിച്ചു. അവസാന പോരാട്ടങ്ങളിൽ മുംബൈ സൺറൈസേഴ്‌സ് ഹൈദരാബാദിനേയും ഗുജറാത്ത് ടൈറ്റൻസ് ആർസിബിയെയും തോൽപിച്ചതോടെയാണ് മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലേക്കുള്ള വഴി തെളിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com