

മുംബൈ: കാമുകി മഹിക ശർമയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന പാപ്പരാസികൾക്കെതിരെ ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ രംഗത്ത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മടങ്ങിയ മഹികയുടെ ചിത്രങ്ങൾ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കാമുകിയുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെയാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ഹർദികിന്റെ രൂക്ഷമായ വിമർശനം.
പാപ്പരാസികള്‍ അതിരുവിട്ട പ്രവര്‍ത്തിയാണ് നടത്തുന്നതെന്നും കുറച്ചൊക്കെ മര്യാദ കാണിക്കണണെന്നും ഹർദിക് കുറിച്ചു. സ്ത്രീകള്‍ക്കൊരു അന്തസ്സുണ്ടെന്നും അത് മാനിക്കാന്‍ പഠിക്കണമെന്നും താരം തുറന്നടിച്ചു. മാന്യതയുടെയും സ്വകാര്യതയുടെ അതിര്‍ വരമ്പുകളെക്കുറിച്ചു വ്യക്തമാക്കിയ ഹർദിക് മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
'ഇങ്ങനെയൊരു ജീവിതത്തിൽ ആളുകള്‍ ശ്രദ്ധിക്കുമെന്നും വിലയിരുത്തുമെന്നും എനിക്കു നന്നായി അറിയാം. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണത്. എന്നാൽ ഇന്നു നടന്ന കാര്യം അതിരുകടന്നുപോയി. മഹിക ബാന്ദ്രയിലെ ഒരു റസ്റ്ററന്റിൽനിന്ന് ഇറങ്ങി വരുമ്പോൾ പാപ്പരാസികൾ വളരെ മോശം രീതിയിൽ അവരെ ചിത്രീകരിച്ചു. ഒരു സ്ത്രീയും കാണാൻ ആഗ്രഹിക്കാത്ത തരത്തിൽ ചിത്രങ്ങൾ പകർത്തി പുറത്തുവിടുന്നത് നിലവാരമില്ലായ്മയാണ്. സ്വകാര്യതെ മാനിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. സെലിബ്രിറ്റികളാവുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ ശ്രമിക്കുമെങ്കിലും എല്ലാത്തിനും ഒരു അതിരുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ മാധ്യമ സുഹൃത്തുക്കള്‍ മാന്യത കാട്ടണം.'
'കുറച്ചുകൂടി ജാഗ്രതയോടെ പെരുമാറണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. എല്ലാം ഇങ്ങനെ ഒപ്പിയെടുക്കാനുള്ളതല്ല. എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല. കുറച്ചൊക്കെ മനുഷ്യത്വം കാത്തു സൂക്ഷിക്കാം'- ഹർദിക് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates