മുംബൈ: 2019 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയതാണ് അന്നു വിവാദമായത്. ത്രീഡി പ്ലയർ എന്ന ലേബലിലെത്തിയ വിജയ് ശങ്കറിന് ലോകകപ്പിൽ തിളങ്ങാൻ സാധിച്ചതുമില്ല. ഇതോടെ വിവാദം കൊഴുക്കുകയും ചെയ്തു.
തന്നെ തഴഞ്ഞ് വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയ സംഭവത്തിൽ അന്നുതന്നെ റായിഡു പരോക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ വിഷയത്തിൽ കൂടുതൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് റായിഡു. നാലാം നമ്പർ ബാറ്ററായ തനിക്ക് പകരം ആറും ഏഴും സ്ഥാനത്തൊക്കെ ഇറങ്ങുന്ന വിജയ് ശങ്കറിനെ ഉൾപ്പെടുത്തിയതിന്റെ യുക്തി തനിക്ക് മനസിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് റായിഡു പറയുന്നു. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഈ സീസണിൽ കിരീടം സ്വന്തമാക്കിയ താരം ഐപിഎല്ലടക്കമുള്ള എല്ലാ ക്രിക്കറ്റ് പോരാട്ടങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് തുറന്നു പറച്ചിൽ.
'അന്ന് എന്തുകൊണ്ട് എന്നെ ടീമിലെടുത്തില്ല എന്നതിന്റെ കാരണം അവർക്ക് മാത്രമേ അറിയു. 2018ൽ തന്നെ ബിസിസിഐ അധികൃതർ, 2019ലെ ലോകകപ്പിനായി ഒരുങ്ങണമെന്ന് എന്നോട് പറഞ്ഞിരുന്നു. അജിൻക്യ രഹാനെയെ പോലുള്ള മധ്യനിര താരങ്ങളെയാണ് എനിക്ക് പകരം ഇറക്കുന്നത്, അല്ലെങ്കിൽ നല്ല അനുഭവ സമ്പത്തുള്ള താരങ്ങളിൽ ഒരാൾ. ഇത്തരത്തിലുവരെയാണ് ടീമിലെടുത്തതെങ്കിൽ അതു മനസിലാക്കാം. ഇന്ത്യ ജയിക്കണം എന്നായിരിക്കുമല്ലോ എല്ലാവരും ആഗ്രഹിക്കുക. എന്റെ പകരക്കാരൻ ആരായാലും അയാൾ ടീമിനു ഉപകാരപ്പെടണം. അതാണ് എന്നെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്.'
'വിജയ് ശങ്കർ എന്തു ചെയ്തിട്ടാണ്. അദ്ദേഹം സ്വന്തം രീതിയിൽ കളിക്കുന്നു. ആ തീരുമാനത്തിനു പിന്നിലെ ചിന്ത എന്താണെന്ന് എനിക്കു മനസിലായില്ല. ലോകകപ്പാണോ അതോ സാധാരണ ലീഗ് മത്സരമാണോ ഇന്ത്യ കളിക്കുന്നത് എന്നതും എനിക്ക് മനസിലായില്ല. വിജയ് ശങ്കറിനോടോ അന്നത്തെ സെലക്ടർ എംഎസ്കെ പ്രസാദിനോടോ എനിക്ക് ഒരു പ്രശ്നവുമില്ല. ലോകകപ്പിനു ഞാൻ നന്നായി തയ്യാറെടുത്തിരുന്നു. ന്യൂസിലൻഡിനെതിരെ അതേ സാഹചര്യത്തിൽ ഞാൻ കളിച്ചിട്ടുമുണ്ട്'- റായിഡു വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates