കേപ് ടൗൺ: ബാറ്റിങ് ഫോമിനെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്‌ലി. തന്റെ
ബാറ്റിങ് ഫോമിൽ ആശങ്കയില്ലെന്നും ഒന്നും തെളിയിക്കാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പരിക്ക് ക്രിക്കറ്റ് താരങ്ങളുടെ കരിയറിന്റെ
ഭാഗമാണെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ കോഹ്‌ലി വ്യക്തമാക്കി.
'എൻറെ മോശം ഫോമിനെ കുറിച്ച് ആളുകൾ സംസാരിക്കുന്നത് ഇതാദ്യമല്ല. കരിയറിൽ മുമ്പ് ചിലപ്പോഴൊക്കെ സംഭവിച്ചിട്ടുണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനം ഇതിലൊന്നായിരുന്നു. മറ്റുള്ളവർ കാണുന്നത് പോലെയല്ല എന്നെ ഞാൻ വീക്ഷിക്കുന്നത്. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ശ്രമിക്കുന്നതിലും ഞാൻ അഭിമാനിക്കുന്നു. പ്രകടനത്തെയോർത്ത് ഭയപ്പെടേണ്ട സാഹചര്യമില്ല. ദീർഘകാലമായി ഇന്ത്യൻ ടീമിൽ കളിക്കുന്ന എനിക്ക് ഇനിയൊന്നും ആരെയും ബോധ്യപ്പെടുത്താനോ തെളിയിക്കാനോ ഇല്ല'- കോഹ്‌ലി വ്യക്തമാക്കി.
പൂജാര, രഹാനെ എന്നിവരുടെ ഫോം സംബന്ധിച്ചും കോഹ്‌ലി പ്രതികരിച്ചു. 'ഫോമിലേക്ക് സ്വാഭവികമായി തിരിച്ചെത്താൻ കെൽപ്പുള്ളവരാണ് അവർ. നിർബന്ധിച്ച് അങ്ങനെ ചെയ്യിക്കേണ്ട ആവശ്യമില്ല'- എന്നായിരുന്നു നായകന്റെ പ്രതികരണം.
വിമർശനങ്ങൾ നേരിടുന്ന ഋഷഭ് പന്തിനെയും ക്യാപ്റ്റൻ പിന്തുണച്ചു. 'ഋഷഭ് പന്ത് തന്റെ പോരായ്മകൾ ഉൾക്കൊള്ളുന്നുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കാൻ പന്ത് ശ്രമം നടത്തുന്നുണ്ട്. അദ്ദേഹവുമായി സംസാരിച്ചിരുന്നു. തന്റെ പിഴവുകൾ മനസിലാക്കി അതിൽ നിന്ന് പാഠം ഉൾക്കൊണ്ടു പന്ത് ഉത്തരവാദിത്വത്തോടെ കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'
കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം കോഹ്‌ലി തന്നെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലി സെഞ്ച്വറി നേടിയിട്ട് വർഷം രണ്ട് കഴിഞ്ഞു. 2019ൽ ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിലായിരുന്നു കോഹ്‌ലിയുടെ അവസാന സെഞ്ച്വറി. ഇതുകൊണ്ടുതന്നെ ഇന്ത്യൻ നായകനെതിരെ വിമർശനം ശക്തം. പരമ്പര നേട്ടത്തിനൊപ്പം ബാറ്റിംഗിൽ ശതകത്തോടെ തൻറെ തിരിച്ചുവരവും കേപ് ടൗണിൽ കോഹ്‌ലി മോഹിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates