ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ, ഹൈബ്രിഡ് മോഡലിനു വഴങ്ങി പാകിസ്ഥാൻ

2027 വരെ ഇന്ത്യയുടെ മത്സരങ്ങൽ ഹൈബ്രിഡ് മോഡലിൽ. ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാനും
Champions Trophy
ചാംപ്യൻസ് ട്രോഫി കപ്പ്എക്സ്
Updated on
1 min read

ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ അരങ്ങേറുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി. ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ. ഔദ്യോ​ഗിക പ്രഖ്യാപനം ശനിയാഴ്ച ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ.

ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാറുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ മണ്ണിൽ പാകിസ്ഥാൻ കളിക്കാനെത്താറുണ്ട്. എന്നാൽ ഇന്ത്യയിൽ അരങ്ങേറാനിരിക്കുന്ന ഐസിസി പോരാട്ടങ്ങളിൽ ഇനി പാകിസ്ഥാൻ വരില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ വേദിയാകുന്ന ഏഷ്യാ കപ്പ്, വനിതാ ഏകദിന ലോകകപ്പ്, 2026ലെ പുരുഷ ടി20 ലോകകപ്പ് ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുത്തേക്കില്ല.

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്ഥാനു പുറമേ മറ്റൊരു വേദിയിൽ കൂടി നടത്താനുള്ള ഐസിസി നീക്കത്തോടു പാകിസ്ഥാൻ കടുത്ത എതിർപ്പുയർത്തിയിരുന്നു. പിന്നീട് തുടർ ചർച്ചകൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് പാകിസ്ഥാൻ അയഞ്ഞത്. പിന്നാലെയാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ ഇന്ത്യൻ ടീമിനെ അയക്കേണ്ടതില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചു നിന്നു. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ബിസിസിഐ നിലപാടിനെ അനുകൂലിച്ചു. ഇതോടെയാണ് പാകിസ്ഥാന് അയയേണ്ടി വന്നത്.

2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിച്ചിട്ടില്ല. സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ക്രിക്കറ്റ് ബോർഡുകളെ നിർബന്ധിക്കില്ലെന്നു ഐസിസി നിലപാടെടുത്തു. അതിനിടെ ഇസ്ലാമബാദിൽ നടന്ന സംഘർഷങ്ങളെ തുടർന്നു പര്യടനത്തിനെത്തിയ ശ്രീലങ്കൻ ജൂനിയർ ടീം പരമ്പര പാതി വഴിയിൽ ഉപേക്ഷിച്ച് മടങ്ങിയതും പാകിസ്ഥാന് തിരിച്ചടിയായി മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com