

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായിരുന്നു. പിന്നാലെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. പന്തിനു പകരം ധ്രുവ് ജുറേൽ ഏകദിന ടീമിലെത്തി. താരം ടീമിനൊപ്പം ചേർന്നതായും ബിസിസിഐ വ്യക്തമാക്കി. സെക്രട്ടറി ദേവ്ജിത് സൈകിയയാണ് ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് പരമ്പരയിലെ ആദ്യ പോരാട്ടം. ടീമിലെത്തിയെങ്കിലും ജുറേൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ല. കെഎൽ രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ധ്രുവ് ജുറേൽ എത്തുന്നത്. ടൂർണമെന്റിൽ താരം രണ്ട് സെഞ്ച്വറികളടക്കം നേടിയാണ് തിളങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. വയറിലെ പേശികൾക്കേറ്റ ക്ഷതമാണ് പരിക്കിനു കാരണം. എംആർഐ സ്കാനിലാണ് ഇക്കാര്യം വ്യക്തമായത്.
വിജയ് ഹസരെ ട്രോഫിയിൽ ഡൽഹി ടീമിനെ നയിച്ചാണ് പന്ത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഡൽഹി ടീം നോക്കൗട്ടിലേക്ക് മുന്നേറിയിരുന്നു. ടൂർണമെന്റിൽ താരം രണ്ട് അർധ സെഞ്ച്വറികളും അടിച്ചിരുന്നു. ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവാണ് ഈ രീതിയിൽ അവസാനിച്ചത്. 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates