ട്രെന്റ്ബ്രിജ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ മികച്ച തുടക്കം മുതലാക്കാൻ സാധിക്കാതെ ഇന്ത്യ. മഴയെത്തുടർന്ന് രണ്ടാം ദിനത്തിലെ കളി നിർത്തു വയ്ക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിൽ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 183 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിലെത്താൻ ആറ് വിക്കറ്റുകൾ കൈയിലിരിക്കെ ഇന്ത്യക്ക് ഇനി 58 റൺസ് കൂടി വേണം. മഴയെ തുടർന്ന് കളി നിർത്തുമ്പോൾ കെഎൽ രാഹുലും ഋഷഭ് പന്തുമാണ് ക്രീസിൽ.
148 പന്തുകൾ നേരിട്ട് കെഎൽ രാഹുൽ അർധ സെഞ്ച്വറിയുമായി ഒരു വശത്ത് നിൽക്കുന്നു. 57 റൺസാണ് ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ ഇടം നേടിയ രാഹുൽ ഇതുവരെ നേടിയത്. ഒൻപത് ഫോറും താരം അടിച്ചു. എട്ട് പന്തിൽ ഏഴ് റൺസുമായി ഋഷഭ് പന്താണ് രാഹുലിന് കൂട്ട്. 46.1 ഓവറിൽ ഇന്ത്യൻ സ്കോർ 125ൽ നിൽക്കേയാണ് മഴ എത്തിയത്.
വിക്കറ്റു പോകാതെ 21 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ- കെഎൽ രാഹുൽ സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇരുവരും ചേർന്ന് ഓപ്പണിങിൽ 97 റൺസ് ചേർത്തു. ലഞ്ചിനു തൊട്ടുമുൻപുള്ള ഓവറിൽ രോഹിത് ശർമ (36) പുറത്തായതു മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആദ്യ സെഷനിലെ നിരാശ. ഓലി റോബിൻസിന്റ പന്തു പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ സാം കറനു ക്യാച്ച് നൽകിയാണു രോഹിത് പുറത്തായത്. 107 പന്തിൽ ആറ് ഫോറുകൾ അടങ്ങുന്നതാണു രോഹിതിന്റെ ഇന്നിങ്സ്.
എന്നാൽ രണ്ടാം സെഷനിൽ കഥ മാറി. അടുത്തടുത്ത പന്തുകളിൽ പൂജാര (16 പന്തിൽ നാല്), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (പൂജ്യം) എന്നിവരെ മടക്കി വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെ എത്തിച്ചു. മൂന്ന് ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. അജിൻക്യ രഹാനെയാണ് മടങ്ങിയത്. താരം റണ്ണൗട്ടാവുകയായിരുന്നു. അഞ്ച് റൺസാണ് രഹാനെ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates