നേപ്പാള്‍ 26ന് ഓള്‍ഔട്ട്! വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് ഹര്‍ഷിതും പ്രിന്‍സും; 306 റണ്‍സിന്റെ കൂറ്റന്‍ ജയം

ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനുള്ള അവസരം നല്‍കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നേപ്പാളിനെ കൂടാരത്തിലെത്തിച്ചത്
nepal vs india a
India A won by 306 runs vs Nepal in Asia Cup Rising StarsPhoto | BCCI
Updated on: 
2 min read

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യയുയര്‍ത്തിയ 333 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന നേപ്പാള്‍ ബാറ്റിങ് നിരയിലെ എല്ലാവരും 11.3 ഓവറില്‍ 26 റണ്‍സിന് പുറത്തായി. ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും ചേര്‍ന്ന് ഓപ്പണിങ് സ്‌പെല്ലില്‍ തന്നെ നേപ്പാള്‍ നിരയെ തകര്‍ത്തു. ഒരാള്‍ക്കുപോലും രണ്ടക്കം കടക്കാനുള്ള അവസരം നല്‍കാതെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ നേപ്പാളിനെ കൂടാരത്തിലെത്തിച്ചത്. അഞ്ച് പേര്‍ സംപൂജ്യരായി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് യാതൊരു അവസരവും നല്‍കാതെയാണ് ഇന്ത്യന്‍ പേസര്‍മാര്‍ തുടങ്ങിയത്. ആദ്യ ഓവറില്‍ ഹര്‍ഷിത് റാണയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ പ്രിന്‍സ് യാദവ് രണ്ടു പേരെ മടക്കി. ഒരുഘട്ടത്തിലും ചെറുത്തുനില്‍പ്പിന് അവസരം ലഭിക്കാതെ നേപ്പാള്‍ വിക്കറ്റുകള്‍ തുടരെ വീണു. ആറോവറില്‍ 16 റണ്‍സ് വിട്ടുനല്‍കി ഹര്‍ഷിത് നാലും, പ്രിന്‍സ് യാദവ് അഞ്ചോവറില്‍ കേവലം ആറ് റണ്‍സ് വിട്ടുനല്‍കി അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നു പന്തുകള്‍ മാക്രമെറിഞ്ഞ ഷഹ്ബാസ് അഹ്മദാണ് അവസാന വിക്കറ്റ് വീഴ്ത്തി നേപ്പാള്‍ ഇന്നിങ്‌സിന് തിരശീലയിട്ടത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ, നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 332 റണ്‍സ് നേടിയത്. തുടക്കത്തില്‍ പതറിയ ടീമിനെ, മധ്യനിരയില്‍ നായകന്‍ തിലക് വര്‍മയും കുമാര്‍ കുശാഗ്രയും ചേര്‍ന്നാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഇരുവരും സെഞ്ച്വറി നേടിയതിനു പുറമെ, നാലാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമൊരുക്കി.

മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സന്ദീപ് ലേമിച്ചാന്റെ തീരുമാനത്തെ ശരിവയ്ക്കും വിധം മുന്‍നിരയെ ചെറിയ സ്‌കോറില്‍ പുറത്താക്കാനും നേപ്പാളിനായി. അഭിഷേക് ശര്‍മ (9), ആയുശ് ബദോനി (2) എന്നിവര്‍ രണ്ടക്കം കാണാനാകാതെ പുറത്തായപ്പോള്‍, കൗമാര താരം വൈഭവിന്റെ സമ്പാദ്യം 26 റണ്‍സിലൊതുക്കാനും നേപ്പാള്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഇതോടെ സ്‌കോര്‍ 10.3 ഓവറില്‍ മൂന്നിന് 42 എന്ന നിലയിലായി. എന്നാല്‍ നാലാം വിക്കറ്റിലൊന്നിച്ച തിലക് - കുശാഗ്ര സഖ്യം മത്സരം ഇന്ത്യയുടെ വരുതിയിലാക്കി.

കരുതലോടെ മുന്നേറിയ സഖ്യം, നേപ്പാള്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. 25-ാം ഓവറില്‍ ടീം സ്‌കോര്‍ മൂന്നക്കം കടന്നു. മികച്ച സ്‌ട്രോക് പ്ലേയുമായി കുശാഗ്ര കളം നിറഞ്ഞപ്പോള്‍, തിലക് പതിഞ്ഞ താളത്തിലാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ഒടുവില്‍ 43-ാം ഓവറില്‍ സ്‌കോര്‍ 248ല്‍ നില്‍ക്കേ കുശാഗ്രയെ പുറത്താക്കി രാജ് വംശിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 102 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 117 റണ്‍സ് നേടിയാണ് താരം പുറത്തായത്. 46-ാം ഓവറില്‍ തിലക് വീഴുമ്പോള്‍ സ്‌കോര്‍ 283. 113 പന്തില്‍ 107 റണ്‍സാണ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

പിന്നീട് ക്രീസിലെത്തിയവരില്‍ സൂര്യാംശ് ഷെഡ്‌ഗെ ഒഴികെയുള്ള ബാറ്റര്‍മാര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. 14 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 36 റണ്‍സെടുത്ത ഷെഡ്‌ഗെ പുറത്താകാതെ നിന്നു. റിങ്കു സിങ് (9), ഷഹബാസ് അഹ്മദ് (8), വിപ്രജ് നിഗം (0), ഹര്‍ഷിത് റാണ (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.

nepal vs india a
പന്തെറിയും മുന്‍പേ പാകിസ്ഥാന് ഏഷ്യാകപ്പ് കിരീടം; ട്രോഫി വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച് ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം
Summary

India A won by 306 runs vs Nepal in Asia Cup Rising Stars Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER