

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അതിവേഗം വിജയം സ്വന്തമാക്കുക ലക്ഷ്യമിട്ട് ഇന്ത്യ. 192 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയിട്ടും ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയില്‍. രോഹിത് (24), യശസ്വി (16) എന്നിവര്‍ പുറത്താകാതെ നില്‍ക്കുന്നു. രണ്ട് ദിവസവും പത്ത് വിക്കറ്റുകളും കൈയിലിരിക്കേ ജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് വെറും 152 റണ്‍സ്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിച്ചു. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് മൂക്കും കുത്തി വീണു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിന്‍ ഇന്ത്യന്‍ മുന്നേറ്റത്തിനു നേതൃത്വം നല്‍കി. നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവും മിന്നും പിന്തുണ നല്‍കി. ശേഷിച്ച ഒരു വിക്കറ്റ് ജഡേജയും സ്വന്തമാക്കി. ഇംഗ്ലണ്ടിനു നഷ്ടമായ പത്ത് വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി.
തുടക്കം മുതല്‍ സ്പിന്നര്‍മാരെ എറിയിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായി മാറുന്ന കാഴ്ചയാണ് റാഞ്ചിയില്‍ കണ്ടത്.
ഇന്ത്യ സ്പിന്നര്‍മാരെ വച്ചാണ് പോരാട്ടം തുടങ്ങിയത്. അശ്വിന്‍ ജഡേജ സഖ്യമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. പിന്നാലെ കുല്‍ദീപ് ആക്രമണത്തിനെത്തി. തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ പന്തെറിയാന്‍ വീണ്ടും എത്തിയ അശ്വിന്‍ ഒറ്റ ഓവറില്‍ ബെന്‍ ഫോക്‌സ് (17), ജെയിംസ് ആന്‍ഡേഴ്‌സന്‍ (0) എന്നിവരെ മടക്കി ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.
ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി കളം വിട്ടു. 60 റണ്‍സെടുത്തു നില്‍ക്കെ താരത്തെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നിന്ന ജോ റൂട്ടിനു ഇത്തവണ പിടിച്ചു നില്‍ക്കാനായില്ല. ജോണി ബെയര്‍സ്‌റ്റോ ഇത്തവണയും മികച്ച രീതിയില്‍ തളങ്ങി എന്നാല്‍ 30 റണ്‍സുമായി മടങ്ങി. ബെന്‍ ഡുക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11), ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 1 റണ്ണുമായി ഷൊയ്ബ് ബഷീര്‍ പുറത്താകാതെ നിന്നു.
നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനു കന്നി സെഞ്ച്വറി നഷ്ടമായത് ഇന്ത്യക്ക് മറ്റൊരു നിരാശയായി. താരത്തിന്റെ അസാമാന്യ മികവാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഈ നിലയ്ക്ക് കുറച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.
149 പന്തുകള്‍ നേരിച്ച് ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. താരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി.
കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ പിന്തണയിലാണ് ജുറേല്‍ പോരാട്ടം നയിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് ജുറേലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യന്‍ ഇന്നിങ്‌സിനു വിരാമമിട്ടത്.
കന്നി ടെസ്റ്റ് കളിക്കുന്ന ആകാശ് ഒരു സിക്‌സടക്കം 29 പന്തില്‍ 9 റണ്‍സെടുത്തു പുറത്തായി. താരത്തെ മടക്കി യുവ താരം ഷൊയ്ബ് ബഷീര്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ധ്രുവ് ജുറേലിനൊപ്പം കുല്‍ദീപ് യാദവായിരുന്നു ഇന്നലെ ക്രീസില്‍. സഖ്യം ഇന്നും നിര്‍ണായക ചെറുത്തു നില്‍പ്പ് നടത്തിയാണ് ഇന്ത്യയെ കൂട്ട തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.
കുല്‍ദീപ് 131 പന്തുകള്‍ ചെറുത്ത് 28 റണ്‍സെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. ഇരുവരും ചേര്‍ന്നു നിര്‍ണായകമായ 76 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
തുടക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍ (73) ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഷൊയ്ബ് ബഷീര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ടോം ഹാര്‍ട്!ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ പിഴുതു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates