വൈറ്റ്‌വാഷ് ഒഴിവാക്കാന്‍ ഇന്ത്യ, സെയ്‌നിയെ വെട്ടിയേക്കും; നടരാജന് നാളെ അരങ്ങേറ്റം? 

ഈ സമയം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയാവുമോ ഇന്ത്യ ഇറക്കുക എന്ന ചോദ്യം ഉയരുന്നു
വൈറ്റ്‌വാഷ് ഒഴിവാക്കാന്‍ ഇന്ത്യ, സെയ്‌നിയെ വെട്ടിയേക്കും; നടരാജന് നാളെ അരങ്ങേറ്റം? 
Updated on: 
1 min read

കാന്‍ബറ: വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ബുധനാഴ്ച പരമ്പരയിലെ അവസാന ഏകദിനത്തിന് ഇറങ്ങുന്നത്. ബൗളിങ്ങില്‍ സെയ്‌നിയുടെ സ്ഥാനം ഏറെ കുറെ നഷ്ടമാവും എന്ന് ഉറപ്പാണ്. ഈ സമയം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയാവുമോ ഇന്ത്യ ഇറക്കുക എന്ന ചോദ്യം ഉയരുന്നു. 

7 ഓവറില്‍ 70 റണ്‍സ് വഴങ്ങിയ സെയ്‌നിയെ മൂന്നാം മത്സരത്തിലും ഇറക്കാനുള്ള സാധ്യത വിരളമാണ്. 27 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തുള്ള ഷര്‍ദുളിനെ സെയ്‌നിക്ക് പകരം ഇറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മത്സര ഫലം കാര്യമല്ലാത്ത മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ നടരാജന് അവസരം നല്‍കാനും സാധ്യതയുണ്ട്. 

ഇതിലൂടെ നടരാജന്റെ കളി വിലയിരുത്താം. ടി20 പരമ്പരയില്‍ നടരാജന്‍ പ്ലേയിങ് ഇടംപിടിക്കാന്‍ സാധ്യത കൂടുതലാണ്. മൂന്നാം ഏകദിനത്തില്‍ ബൂമ്രയ്ക്ക് വിശ്രമം നല്‍കാന്‍ കോഹ് ലി തീരുമാനിച്ചാല്‍ ഷര്‍ദുളും നടരാജനും പ്ലേയിങ് ഇലവനിലേക്ക് എത്തും. 

നടരാജന്റെ വേരിയേഷനുകള്‍ ഇന്ത്യയെ തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാന്‍ബറയില്‍ സ്വിങ് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതും, നടരാജന്റെ കട്ടറുകളും ബൗളിങ്ങിലെ ഇന്ത്യയുടെ മൂര്‍ച്ച കൂട്ടും. കഴിഞ്ഞ രണ്ട് ഏകദിനങ്ങളില്‍ നിന്നായി 69 ബൗണ്ടറിയും 19 സിക്‌സുമാണ് ഇന്ത്യക്കെതിരെ ഓസീസ് ബാറ്റ്‌സ്മാന്മാര്‍ നേടിയത്. 

രണ്ട് ഏകദിനത്തിലും തുടരെ 62 പന്തില്‍ സെഞ്ചുറി കണ്ടെത്താന്‍ സ്മിത്തിനായി. മാക്‌സ് വെല്ലും രണ്ട് ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 100ന് മുകളില്‍ രണ്ട് ഇന്നിങ്‌സിലും ഓസീസ് ഓപ്പണര്‍മാര്‍ കൂട്ടുകെട്ട് ഉയര്‍ത്തി. ബൗളര്‍മാരെ കോഹ് ലി ശരിയായി ഉപയോഗിക്കാതിരുന്നത് കൊണ്ടാണ് ഇതെല്ലാം എന്ന വിമര്‍ശനവും ഇന്ത്യന്‍ നായകനെതിരെ ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com