

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ നാല് വർഷം മുൻപ് ഇതേ ദിവസം മറ്റൊരു ഫൈനലിന്റെ ഓർമയാണ് ഇന്ത്യക്ക് മുൻപിലേക്ക് വരുന്നത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനോട് ഇന്ത്യ ഫൈനലിൽ തോറ്റതും ജൂൺ 18ന്. ഇത്തവണ ഐസിസി കിരീടം കയ്യകലത്തിൽ നിന്ന് നഷ്ടപ്പെടുത്തില്ലെന്ന് ഉറച്ചാവും ഇന്ത്യൻ ടീം സതാംപ്ടണിൽ ഇറങ്ങുക.
2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യം നേരിട്ടപ്പോൾ 124 റൺസിനാണ് പാകിസ്ഥാനെ ഇന്ത്യ വീഴ്ത്തിയത്. എന്നാൽ തുടരെ മൂന്ന് ജയവുമായി താളം വീണ്ടെടുത്ത് എത്തിയ പാകിസ്ഥാൻ ഫൈനലിൽ ഇന്ത്യയെ 180 റൺസിനാണ് നാണംകെടുത്തി വിട്ടത്. പാകിസ്ഥാൻ മുൻപിൽ വെച്ച 339 റൺസ് പിന്തുടർന്ന ഇന്ത്യ 30 ഓവറിൽ 158 റൺസിന് ഓൾഔട്ടായി.
106 പന്തിൽ നിന്ന് 114 റൺസ് നേടി ഫഖർ സമനാണ് അവിടെ പാകിസ്ഥാന് കൂറ്റൻ സ്കോർ നൽകിയത്. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയെ മുഹമ്മദ് ആമിറും ഹസൻ അലിയും ഷദാബ്ദ് ഖാനും ചേർന്ന് എറിഞ്ഞു. പാകിസ്ഥാനോട് ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിന് മുൻപ് ഒരു ജയം പിടിച്ചാണ് ഇന്ത്യ ഇറങ്ങിയത് എങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിവീസിനോട് ഇന്ത്യ ജയിച്ചിട്ടേ ഇല്ല.
ന്യൂസിലാൻഡിൽ ഇന്ത്യ കളിച്ച രണ്ട് ടെസ്റ്റിൽ 10 വിക്കറ്റിനും ഏഴ് വിക്കറ്റിനുമായിരുന്നു കിവീസ് സംഘത്തിന്റെ ജയം. എന്നാൽ ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ തോൽപ്പിച്ചതിന്റേയും ഇംഗ്ലണ്ടിനെ കുഴക്കി എറിഞ്ഞതിന്റേയും ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates