

ഓവല്‍: ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മീതെ വീണ്ടും മഴ. ഓവലിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ 8 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളിയില്‍ തിരിച്ചെത്തിയ ഘട്ടത്തിലാണ് മഴ വില്ലനായത്. കളി നിര്‍ത്തി വയ്ക്കുമ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് 18 റണ്‍സിന്റെ നേരിയ ലീഡുണ്ട്. പരിക്കേറ്റ് പുറത്തായ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ അവരുടെ ഇന്നിങ്‌സിനു വിരാമമിടാമെന്ന നിലയിലായിരുന്നു. അതിനിടെയാണ് മഴ കളി മുടക്കിയത്.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ കുരുക്കി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തും പിന്തുണച്ചു. ഒരു വിക്കറ്റ് ആകാശ് ദീപ് സ്വന്തമാക്കി.
ഇന്ത്യക്ക് വെല്ലുവിളിയായി ഹാരി ബ്രൂക്ക് ക്രീസില്‍ തുടരുന്നു. താരം അര്‍ധ സെഞ്ച്വറി (48) വക്കില്‍. താരത്തിനൊപ്പം റണ്ണൊന്നുമെടുക്കാതെ ജോഷ് ടോംഗും ക്രീസില്‍.
ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയാരിുന്നു. പിന്നാലെ താരം ഗസ് അറ്റ്കിന്‍സനേയും മടക്കി. അറ്റ്കിന്‍സന്‍ 11 റണ്‍സെടുത്തു. ജാമി സ്മിത്തിനേയും അതേ ഓവറില്‍ ജാമി ഓവര്‍ടനേയും പ്രസിദ്ധ് മടക്കി. സ്മിത്ത് 8 റണ്‍സിലും ഓവര്‍ടന്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. പിന്നാലെയാണ് അറ്റ്കിന്‍സനും പ്രസിദ്ധിന്റെ പേസില്‍ വീണത്.
അപകടകാരിയായ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒലി പോപ്പിനേയും സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. പിന്നാലെയാണ് റൂട്ടിനേയും അടുത്ത വരവില്‍ ജേക്കബ് ബേതേലിനേയും താരം എല്‍ബിഡബ്ല്യു ആക്കി. പിന്നീടാണ് പ്രസിദ്ധ് കൃഷ്ണയുടെ മികവ്.
ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗമാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 16 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെ കളി പുനരാരംഭിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു.
സ്‌കോര്‍ 92ല്‍ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കിയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കിയത്. ഡക്കറ്റ് 38 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സെടുത്തു.
സാക് ക്രൗളി ഒരു ഭാഗത്ത് അപ്പോഴും തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 129ല്‍ എത്തിയിരുന്നു അപ്പോള്‍. ക്രൗളി 57 പന്തില്‍ 14 ഫോറുകള്‍ സഹിതം 64 റണ്‍സെടുത്തു.
പിന്നീടാണ് നിലയുറപ്പിക്കുന്നതിനിടെ പോപ്പിനേയും റൂട്ടിനേയും സിറാജ് മടക്കിയത്. പോപ്പ് 22 റണ്‍സും റൂട്ട് 29 റണ്‍സും എടുത്തു. ബേതേല്‍ 6 റണ്‍സുമായി മടങ്ങി.
രണ്ടാം ദിനത്തില്‍ ഗസ് അറ്റ്കിന്‍സന്റെ പേസിനു മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറിയുമായി ഒന്നാം ദിനം ഇന്നിങ്സ് കാത്ത മലയാളി താരം കരുണ്‍ നായരും പിന്നാലെ വാഷിങ്ടന്‍ സുന്ദറുമാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. പിന്നാലെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കി അറ്റ്കിന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ അകാശ് ദീപ് പുറത്താകാതെ നിന്നു.
തലേദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്ത് കരുണ്‍ മടങ്ങി. താരം 109 പന്തില്‍ 57 റണ്‍സെടുത്തു. എട്ട് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ഈ പരമ്പരയിലെ ആദ്യ അര്‍ധ ശതകം. ടോംഗിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.
വാഷിങ്ടന്‍ സുന്ദറിനെ അറ്റ്കിന്‍സന്റെ പന്തില്‍ ഓവര്‍ടന്‍ ക്യാച്ചെടുത്തു. താരം 26 റണ്‍സെടുത്തു. മുഹമ്മദ് സിറാജിനും അധികം ആയുസുണ്ടായില്ല. താരത്തേയും അറ്റ്കിന്‍സന്‍ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് സിറാജിന്റെ മടക്കം.
ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ടോംഗും 3 വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യ ദിനത്തില്‍ 38 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരേയും ഇംഗ്ലണ്ട് കൂടാരം കയറ്റിയിരുന്നു. യശസ്വി ജയ്‌സ്വാള്‍ (2), കെഎല്‍ രാഹുല്‍ (14), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (21), സായ് സുദര്‍ശന്‍ (38), രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറേല്‍ (19) എന്നിവരാണ് ഒന്നാം ദിനം പുറത്തായി ഇന്ത്യന്‍ ബാറ്റര്‍മാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates