ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ധീരമായ ചെറുത്തു നില്‍പ്പ്
Sai Sudarshan and KL Rahul batting
സായ് സുദർശനും കെഎൽ രാഹുലും, ‌India vs West Indiesx
Updated on
2 min read

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 121 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയില്‍. 9 വിക്കറ്റും ഒരു ദിവസവും ശേഷിക്കേ ഇന്ത്യക്ക് ഇനി ആകെ വേണ്ടത് 58 റണ്‍സ് കൂടി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 248 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 390 റണ്‍സില്‍ ഓള്‍ ഔട്ടായി. വിന്‍ഡീസിനു പരമ്പരയില്‍ ആകെ ഓര്‍ത്തിരിക്കാനുള്ള ഇന്നിങ്‌സായി അവരുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് മാറി.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടോപ് സ്‌കോററായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. താരം 8 റണ്‍സുമായി മടങ്ങി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ കെഎല്‍ രാഹുല്‍ (25), സായ് സുദര്‍ശന്‍ (30) എന്നിവരാണ് ക്രീസില്‍. ജോമല്‍ വാറിക്കനാണ് യശസ്വിയെ മടക്കിയത്.

Sai Sudarshan and KL Rahul batting
14ാം വയസില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍! വൈഭവ് സൂര്യവംശിയ്ക്കു പുതിയ റോള്‍

പരമ്പരയില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്കു മുന്നില്‍ ലീഡുയര്‍ത്തുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിര ക്രീസില്‍ പൊരുതി നിന്നു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ വീരോചിത പോരാട്ടം പുറത്തെടുത്തു.

2 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. ജോണ്‍ കാംപെല്‍, ഷായ് ഹോപ് എന്നിവര്‍ കിടിലന്‍ സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. കാംപെല്‍ 199 പന്തുകള്‍ ചെറുത്ത് 3 സിക്‌സും 12 ഫോറും സഹിതം 115 റണ്‍സെടുത്തു. ഹോപ് 214 പന്തുകള്‍ പ്രതിരോധിച്ച് 103 റണ്‍സും സ്വന്തമാക്കി. താരം 12 ഫോറും 2 സിക്‌സും തൂക്കി. കാംപെലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. ഷായ് ഹോപിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സും പിടിച്ചു നിന്നു. താരം 72 പന്തില്‍ 40 റണ്‍സുമായി പുറത്തായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിനു നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ്- ജയ്ഡന്‍ സീല്‍സ് സഖ്യം ലീഡ് 100 കടത്തി വിന്‍ഡീസിനു ആശ്വാസം സമ്മാനിക്കുകയായിരുന്നു.

ജസ്റ്റിന്‍ ഗ്രീവ്‌സ് അര്‍ധ സെഞ്ച്വറിയടിച്ചു. താരം 85 പന്തുകള്‍ ചെറുത്ത് 50 റണ്‍സുമായി പൊരുതി. ഗ്രീവ്‌സ് പുറത്താകാതെ നിന്നു. പത്താമനായി എത്തിയ ജയ്ഡന്‍ സീല്‍സ് 67 പന്തുകള്‍ പ്രതിരോധിച്ച് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തെ വീഴ്ത്തി ഒടുവില്‍ ജസ്പ്രിത് ബുംറയാണ് വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.

Sai Sudarshan and KL Rahul batting
കാംപെല്ലിന്റേയും ഹോപിന്റേയും സെഞ്ച്വറി, ഗ്രീവ്‌സിന്റെ 50; പൊരുതിക്കയറി വിന്‍ഡീസ്; ഇന്ത്യക്ക് ജയിക്കാന്‍ 121 റണ്‍സ്

ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടിന്നിങ്‌സിലുമായി നേട്ടം 8 വിക്കറ്റാക്കി. ജസ്പ്രിത് ബുംറയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിലും വാലറ്റത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. വാലറ്റമാണ് വിന്‍ഡീസ് സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്. 9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്‍ഡേഴ്സന്‍ ഫിലിപാണ് ടീം സ്‌കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്‍ഡേഴ്സന്‍ ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്‌കോര്‍ 248ല്‍ എത്തിച്ചത്.

5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.

Summary

‌India vs West Indies: West Indies showed rare grit with the bat on Day 4, frustrating India and stretching the Delhi Test to its final day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com