

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ ഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി. മത്സരത്തില്‍ 412 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സെടുത്ത് ഓള്‍ഔട്ടായി.
ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്.
ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ബെന്‍ മയേസ് (45), നായകന്‍ തോമസ് റ്യൂ (20) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയത്തിലേക്ക് എത്താനായില്ല. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. ക്യാപ്റ്റന്‍ ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
14 കാരനായ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളര്‍മാരുടെ ആത്മവിശ്വാസം തകര്‍ത്തു. ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ വൈഭവ്, 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ച്വറി തികച്ചത്.
സെമിയില്‍ സെഞ്ച്വറിയടിച്ച മലയാളി താരം ആരോണ്‍ ജോര്‍ജിനു ഫൈനലില്‍ തിളങ്ങാനായില്ല. താരം 11 പന്തില്‍ 9 റണ്‍സുമായി മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ ആയുഷ് മാത്രെ ക്രീസിലെത്തി വൈഭവിനു പിന്തുണ നല്‍കിയതോടെ താരം ടോപ് ഗിയറില്‍ ബാറ്റ് വീശുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. താരം 51 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 53 റണ്‍സ് കണ്ടെത്തി. ആഭിഗ്യാന്‍ കുണ്ടു (40), വിഹാന്‍ മല്‍ഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് 20 പന്തില്‍ 37 റണ്‍സുമായി കനിഷ്‌ക് ചൗഹാന്‍ പുറത്താകാതെ നിന്നു ടീം സ്‌കോര്‍ 400 കടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates