

ഡര്‍ബന്‍: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വനിതകള്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 158 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് വനിതകളുടെ ജയം. താരം 8 ഫോറുകള്‍ സഹിതം 39 പന്തില്‍ 51 റണ്‍സെടുത്തു. അന്നരി ഡെര്‍ക്‌സന്‍ പുറത്താകാതെ 34 പന്തില്‍ 44 റണ്‍സും അടിച്ച് നിര്‍ണായക സംഭാവന നല്‍കി. താരം 4 ഫോറും ഒരു സിക്‌സും തൂക്കി. ജയിക്കുമ്പോള്‍ 16 പന്തില്‍ 18 റണ്‍സുമായി ക്ലോ ട്രിയോണും ക്രീസില്‍ തുടര്‍ന്നു.
ഇന്ത്യന്‍ നിരയില്‍ ശ്രേയങ്ക പാട്ടീല്‍ ബൗളിങില്‍ തിളങ്ങി. താരം 2 വിക്കറ്റെടുത്തു. അരുന്ധതി റെഡ്ഡി, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 47 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്ത ജെമിമ റോഡ്രിഗ്‌സ്, 34 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. ഷെഫാലിയും ഹര്‍മന്‍പ്രീതും 5 വീതം ഫോറും ഓരോ സിക്‌സും തൂക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. തുമി ഷെഖുഖുനെ 2 വിക്കറ്റും നോന്‍കുലുലേകോ മ്ലാബ ഒരു വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates