

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഔട്ടായി ഡ്രസിങ് റൂമിലെത്തിയതിന് പിന്നാലെ ഭക്ഷണം കഴിച്ച് വിരാട് കോഹ്‌ലിക്കെതിരെ ആരാധകർ. ഇന്ത്യൻ ടീം കടുത്ത സമ്മർദ്ദം നേരിടുന്ന ഘട്ടത്തിൽ കൂളായി സഹ താരങ്ങളോടു കുശലം പറഞ്ഞും മറ്റും ഭക്ഷണം കഴിക്കുന്ന കോഹ്‌ലിയുടെ ചിത്രമാണ് ആരാധകരെ ചൊടിപ്പിച്ചത്.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ പോരാട്ടത്തിന് ചുക്കാൻ പിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും കോഹ്‌ലി ചെറുത്തു നിൽപ്പില്ലാതെ കീഴടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 31 പന്തുകൾ നേരിട്ട് മുൻ 14 റൺസുമായി മടങ്ങി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്‌ലി പുറത്തായത്.
ഇതിന് പിന്നാലെ ഡ്രസിങ് റൂമിലെത്തി ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് എന്നിവരോട് ഭക്ഷണം കഴിച്ചു കൊണ്ട് കോഹ്‌ലി കുശലം പറയുന്നതു ടെലിവിഷൻ സ്ക്രീനിൽ കാണിച്ചിരുന്നു. ഇതോടെയാണ് കോഹ്‌ലിയെ പരിഹസിച്ച് ആരാധകർ രംഗത്തെത്തിയത്.
ഇതിനു പരോക്ഷ മറുപടിയുമായി കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ തടവറയിൽ ജീവിക്കരുതെന്ന പരോക്ഷ സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കോഹ്‌ലി പങ്കിട്ടത്.
പണം മാത്രമാണ് കോഹ്‌ലിക്ക് മുഖ്യമെന്നും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തോൽക്കുമ്പോൾ കാണിക്കുന്ന നിരാശയൊന്നും ഇന്ത്യൻ ടീമിനായി ഇറങ്ങി പുറത്താകുമ്പോൾ കാണുന്നില്ലെന്നും ആരാധകർ വിമർശിച്ചു. 2003ലെ ലോകകപ്പിൽ നിന്നു പുറത്തായപ്പോൾ മൂന്ന് ദിവസം തനിക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിരുന്നില്ലെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ മുൻപ് പറഞ്ഞിരുന്നു. ഇക്കാര്യം താരതമ്യം ചെയ്താണ് ആരാധകർ കോഹ്‌ലിയെ വിമർശിച്ചത്.
കോഹ്‌ലി സച്ചിനെ പോലെയല്ല. അദ്ദേഹത്തിന് പണമുണ്ടാക്കൽ മാത്രമാണ് ലക്ഷ്യമെന്നും ചിലർ ആരോപിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates