

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണ്‍ അനിശ്ചിതത്വത്തില്‍. ഇത്തവണത്തെ സീസണ്‍ ദീര്‍ഘ നാളേയ്ക്ക് നീട്ടി. സംപ്രേഷണം സംബന്ധിച്ച അവകാശ തര്‍ക്കമാണ് തീരുമാനത്തിനു പിന്നില്‍. സെപ്റ്റംബര്‍ മുതലാണ് സീസണ്‍ ആരംഭിക്കേണ്ടത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റേയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്‌സിഡിഎല്‍) ഫെഡറേഷനേയും ക്ലബുകളേയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഫെഡറേഷനും എഫ്‌സിഡിഎല്ലുമായുള്ള കരാര്‍ ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. എന്നാല്‍ കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്റെ ഭാഗത്തു നിന്നുണ്ടായില്ല. നിലവിലെ കരാറനുസരിച്ച് എഫ്‌സിഡിഎല്‍ 50 കോടി രൂപ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കണം. പകരമായി ലീഗിന്റെ സംപ്രേഷണം, മറ്റ് വാണിജ്യ അവകാശങ്ങള്‍ എഫ്എസ്ഡിഎല്ലിനു നല്‍കുന്ന തരത്തിലാണ് കരാര്‍.
ഡിസംബറിനു ശേഷമുള്ള കരാറിന്റെ അഭാവത്തില്‍, 2025-26 ഐഎസ്എല്‍ സീസണ്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ വാണിജ്യപരമായ മുന്നൊരുക്കങ്ങള്‍ നടത്താനോ കഴിയുന്നില്ല. സീസണ്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നു ഖേദപൂര്‍വം അറിയിക്കുന്നു. നിലവിലെ എംആര്‍എ കരാറിന്റെ കാലാവധി കഴിഞ്ഞലുള്ള പുതിയ കരാറിന്റെ ഘടന സംബന്ധിച്ച് വ്യക്തത വരുന്നതുവരെ പുതിയ സീസണ്‍ ആരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനം. സീസണ്‍ നടത്താനുള്ള എല്ലാ നീക്കങ്ങളും സജീവമായി മുന്നോട്ടു പോകുമെന്ന ഉറപ്പും എഫ്‌സിഡിഎല്‍ ക്ലബുകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
2014ല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പേരിലുള്ള ടൂര്‍ണമെന്റ് ആരംഭിച്ചത്. 2019 മുതല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ഐഎസ്എല്ലായി ഫെഡറേഷന്‍ അംഗീകാരവും നല്‍കിയിരുന്നു. ഐ ലീഗിനെ മറികടന്നാണ് ഐഎസ്എല്‍ തലപ്പത്തെ ലീഗായത്.
ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാകുന്നതു വരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും കരാര്‍ പുതുക്കുന്നതിനു തടസമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
