

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ സെമി ഫൈനലിൽ എത്തിയാൽ ഇന്ത്യ എവിടെയാകും കളിക്കുക എന്ന സംശയത്തിലാണ് ആരാധകർ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് രണ്ടാം സെമിഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ പാകിസ്ഥാനെയാണ് സെമിയിൽ നേരിടുന്നത് എങ്കിൽ മുംബൈയിൽ മത്സരം നടക്കില്ല.
ടൂർണമെന്റിന്റെ ഷെഡ്യൂൾ പ്രകാരം, ഇന്ത്യ പാകിസ്ഥാൻ ഒഴികെയുള്ള മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമിഫൈനൽ കളിക്കുന്നതെങ്കിൽ മാർച്ച് 5ന് വാംഖഡെ സ്റ്റേഡിയത്തിൽ തന്നെ മത്സരം നടക്കും. എന്നാൽ സെമിഫൈനലിൽ ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം വന്നാൽ, മത്സരം മാർച്ച് 4ന് ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റും. ഇതോടെ, ഇന്ത്യയ്ക്ക് ശ്രീലങ്കയിലെത്തി സെമിഫൈനൽ കളിക്കേണ്ട സാഹചര്യം വരും.
സൂപ്പർ 8 ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും പാകിസ്ഥാൻ രണ്ടാമതുമോ, അല്ലെങ്കിൽ പാകിസ്ഥാൻ ഒന്നാമതും ഇന്ത്യ രണ്ടാമതുമോ ഫിനിഷ് ചെയ്താൽ, സെമിഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടും. അത്തരമൊരു സാധ്യതയാണ് വേദി മാറ്റത്തിന് വഴിവെക്കുന്നത്. ഇതോടൊപ്പം, ഈ മത്സരം ഇന്ത്യയിലെ പ്രധാന ഉത്സവദിനമായ ഹോളി ദിവസത്തിലാണ് (മാർച്ച് 4) നടക്കുക എന്നതും ശ്രദ്ധേയമാണ്.
വേദി മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈബ്രിഡ് മോഡൽ കരാറാണ്. 2027 വരെ നിലനിൽക്കുന്ന ഈ കരാർ പ്രകാരം, ഇന്ത്യ–പാകിസ്ഥാൻ മത്സരങ്ങൾ ന്യൂട്രൽ വേദികളിൽ മാത്രമേ നടത്താവൂ. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ ധാരണയിലേക്ക് ഇരുരാജ്യങ്ങളും ഐസിസിയുമായി ചേർന്ന് എത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളായാലും, പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ഇന്ത്യ ന്യൂട്രൽ വേദിയിലേക്ക് മാറേണ്ടി വരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates