ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥൻ ആനന്ദും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യണറായ നിഖിൽ കാമത്തും തമ്മിലുള്ള ചാരിറ്റി ചെസ് മത്സരം വിവാദത്തിൽ. ഓൺലൈൻ വഴിയുണ്ടായ മത്സരത്തിൽ വിശ്വനാഥൻ ആനന്ദ് തോറ്റു. പിന്നാലെ നിഖിൽ നടത്തിയ വെളിപ്പെടുത്തലാണ് മത്സരത്തെ ചർച്ചയിലേക്ക് കൊണ്ടു വന്നത്.
അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിനെ കമ്പ്യൂട്ടറിനെ ആശ്രയിച്ചാണ് താൻ കീഴടക്കിയതെന്ന് നിഖിൽ വെളിപ്പെടുത്തി. അങ്ങനെ സംഭവിച്ചതിൽ മാപ്പ് പറയുന്നതായും നിഖിൽ പിന്നീട് വ്യക്തമാക്കി. ചില ആളുകളിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും ആനന്ദിന്റെ ഗെയിം വിശകലനം ചെയ്യാൻ സഹായം തേടിയതായും ബാലിശമായ തന്റെ പെരുമാറ്റത്തിന് മാപ്പ് തരണമെന്നും നിഖിൽ പറയുന്നു.
'ബാല്യ കാലത്ത് ചെസിന്റെ ബാലപാഠങ്ങൾ പഠിച്ചുവരുന്ന സമയത്ത് ആനന്ദുമായി സംവദിക്കാൻ എന്നെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. കഴിഞ്ഞ ദിവസം ആ സ്വപ്നത്തിന്റെ സാക്ഷാത്‌കാരമാണ് നടന്നത്. ആ മത്സരത്തിൽ ഞാൻ ആനന്ദിനെ തോൽപ്പിച്ചെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അത് 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനെ ഞാൻ തോൽപ്പിച്ചു എന്നു പറയുന്നതു പോലെ പരിഹാസ്യമാണ്'- നിഖിൽ പറഞ്ഞു.
ഇതിന് പിന്നാലെ നിഖിലിന് മറുപടിയുമായി ആനന്ദും രംഗത്തെത്തി. 'കഴിഞ്ഞ ദിവസം നടന്നത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പണം സ്വരൂപിക്കാനുള്ള ഒരു മത്സരമായിരുന്നു. മത്സരത്തിന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന രസകരമായ അനുഭവമായിരുന്നു അത്. ഞാൻ ബോർഡിലെ കരു നിലയ്ക്ക് അനുസരിച്ച് കളിക്കുന്ന വ്യക്തിയാണ്. എല്ലാവരിൽ നിന്നും തിരിച്ചും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്.' ആനന്ദ് ട്വീറ്റിൽ പറയുന്നു.
അതേസമയം, ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും നിഖിലിനെതിരേ രംഗത്തെത്തിയിരുന്നു. നിഖിലിന്റെ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ഫെഡറേഷൻ സെക്രട്ടറി ഭാരത് ചൗഹാൻ പ്രതികരിച്ചു.
'അതൊരു ചാരിറ്റി മത്സരമായിരുന്നു എന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണ്. ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളിൽ ഞങ്ങൾ ചില പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ട്. അതിനാൽ കമ്പ്യൂട്ടറിൽ നിന്ന് സഹായം തേടാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. അത് തടയാനായി ഞങ്ങൾ ക്യാമറകൾ സ്ഥാപിക്കാറുണ്ട്. ഒപ്പം മൂന്ന് ഗ്രാൻഡ് മാസ്റ്റർമാരും രണ്ട് കളിക്കാരും ഉൾപ്പെടുന്ന ഒരു ഫെയർപ്ലേ കമ്മിറ്റിയുമുണ്ടാകും'- ചൗഹാൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates