

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ പുരുഷ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒളിംപിക് മെഡല്‍ ജേതാക്കളായ ഗഗന്‍ നരംഗ്, വിജേന്ദര്‍ സിങ്, യോഗേശ്വര്‍ ദത്ത്, മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്ത എന്നിവരാണ് ഒഴിവുള്ള 4 സീറ്റുകളിലേക്ക് എതിരില്ലാതെ ജനറല്‍ ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, വനിതാ വിഭാഗത്തില്‍ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനുമൊപ്പം മുന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ മാറ്റുരയ്ക്കുന്നതോടെ മത്സരം കടുത്തു. ഹോക്കി മുന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍, ഡോല ബാനര്‍ജി, അനിത പോള്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് ശേഷം അശ്വിനി നച്ചപ്പ, തൃപ്തി മുര്‍ഗുണ്ഡെ തുടങ്ങിയ പ്രമുഖര്‍ പിന്മാറിയതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്.
ഡിസംബര്‍ 5ന് നടക്കുന്ന ഐഒഎ പ്രസിഡന്റ് പദവി ഉള്‍പ്പെടെയുള്ള പ്രധാന ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഒരു ഊഴം കൂടി ആഗ്രഹിക്കുന്ന നിലവിലെ അധ്യക്ഷ പിടി ഉഷയ്ക്ക് എസ്ഒഎം വിഭാഗത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകൂ. ആകെയുള്ള 80 അംഗ എസ്ഒഎം പാനലില്‍ നിന്നുള്ള വോട്ടര്‍മാര്‍ തിങ്കളാഴ്ച വോട്ടുരേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന നാല് വനിതകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് പുരുഷന്മാരും അടക്കം എട്ടുപേരാണ് ജനറല്‍ കൗണ്‍സിലില്‍ എത്തുക. ഇവര്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരുഷനും വനിതയുമായിരിക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് പ്രവേശനം നേടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates