ശുഭ്മാന്‍ ഗില്‍ /ചിത്രം: പിടിഐ
ശുഭ്മാന്‍ ഗില്‍ /ചിത്രം: പിടിഐ

നെടുന്തൂണായി ശുഭ്മാന്‍ ഗില്‍, സികസർ വീരൻ തെവാത്തിയ; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് 

ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ അവസാന രണ്ടു പന്തുകളും സിക്‌സറിന് പറത്തി തെവാത്തിയ ടീമിനെ വിജയതീരത്തെത്തിച്ചു
Published on

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ അവസാന പന്തില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്.  പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് രാഹുല്‍ തെവാത്തിയയുടെ മികവില്‍ വിജയത്തിലെത്തുകയായിരുന്നു. ഒഡിയന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ അവസാന രണ്ടു പന്തുകളും സിക്‌സറിന് പറത്തി തെവാത്തിയ ടീമിനെ വിജയതീരത്തെത്തിച്ചു. 

ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്മാന്‍ ഗില്‍ - മാത്യു വെയ്ഡ് ഓപ്പണിങ് സഖ്യം 20 പന്തില്‍ നിന്ന് 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം സായ് സുദര്‍ശന്‍ ചേര്‍ന്നതോടെ ടൈറ്റന്‍സ് ആധിപത്യം നേടി. 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം 15-ാം ഓവറിലാണ് പിരിഞ്ഞത്. ഗില്‍ 19-ാം ഓവറില്‍ പുറത്തായതോടെ കളി കെെവിട്ടെന്ന് തോന്നിച്ചു.  59 പന്തില്‍ നിന്ന് ഒരു സിക്‌സും 11 ഫോറുമടക്കം 96 റണ്‍സെടുത്താണ് ​ഗിൽ പുറത്തായത്. 

18 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായി. പിന്നാലെ തെവാത്തിയ ക്രീസിലെത്തി. മൂന്ന് പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ തെവാട്ടിയ ടീമിന് അപ്രതീക്ഷിത ജയം നേടിക്കൊടുത്തു. ആറു റണ്‍സ് നേടി ഡേവിഡ് മില്ലര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. ലിയാം ലിവിങ്‌സ്റ്റണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ 64 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടിയത്. നാലു സിക്‌സും ഏഴു ഫോറുമടങ്ങുന്നതാണ് ഇന്നിംഗ്‌സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com