

ചെന്നൈ: ഐപിഎൽ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. അഞ്ച് റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‍വാളിന് മുന്നിൽ 81 റൺസിന് ലഖ്നൗ ജയന്റ്‌സ് മുട്ടുമടക്കി. മുംബൈ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായി. ഇതോടെ വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന
ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‌വാളാണ് മുംബൈയുടെ വിജയശിൽപി. ഏറ്റവും കുറവ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഐപിഎൽ ബോളർമാരിൽ മധ്‌വാൾ അനിൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്തി. ഐപിഎൽ പ്ലേ ഓഫുകളിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡും ഇനി മധ്‌വാളിനു സ്വന്തം.
ലഖ്‌നൗ ബാറ്റർമാർക്ക് ആർക്കും തന്നെ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്താനായില്ല. പവർപ്ലേയ്‌ക്കിടെ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിൻറെ രണ്ട് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസ് വീഴ്‌ത്തി. ആറ് പന്തിൽ മൂന്ന് നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്‌വാളും 13 പന്തിൽ 19 നേടിയ കെയ്‌ൽ മെയേഴ്‌സിനെ ക്രിസ് ജോർദാനും ഔട്ടാക്കി. ഇതിന് ശേഷം ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ക്രുനാൽ പാണ്ഡ്യയും കരുത്താകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തിൽ 1), നിക്കോളാസ് പുരാനേയും(1 പന്തിൽ 0) പുറത്താക്കി ആകാശ് മധ്‍വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറിൽ 74-5 എന്ന നിലയിൽ ലഖ്‌നൗ തകർന്നു.
ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാൻ ശ്രമിച്ചെങ്കിലും 12-ാം ഓവറിൽ ടിം ഡേവിഡിൻറെ പന്തിൽ ഇഷാൻ കിഷൻറെ സ്റ്റംപിംഗ് സ്റ്റോയിനിസ് പുറത്തായി. 27 പന്തിൽ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും അനാവാശ്യ ഓട്ടത്തിൽ റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറിൽ പുറത്താക്കി മധ്‍വാൾ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറിൽ ദീപക് ഹൂഡയും(13 പന്തിൽ 15) റണ്ണൗട്ടായി. അവസാനക്കാരൻ മൊഹ്‍സീൻ ഖാൻറെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്‍വാൾ മുംബൈക്ക് 81 റൺസിൻറെ കൂറ്റൻ ജയം സമ്മാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖ് ലഖ്നൗവിനായി ബൗളിങ്ങിൽ തിളങ്ങി. യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
സൂര്യകുമാർ യാദവും ഗ്രീൻ കാമറൂണും മികച്ച തുടക്കത്തിന് ശേഷം മടങ്ങിയപ്പോൾ തിലക് വർമ്മ, നെഹാൽ വധേര എന്നിവരുടെ ബാറ്റിങാണ് അവസാന ഓവറുകളിൽ മുംബൈക്ക് രക്ഷയായത്. കളിയിലേക്ക് എത്തും മുൻപേ രോഹിത്തും ഇഷാനും വീണു. നാലാം ഓവറിൽ നവീൻ ഉൾ ഹഖിന്റെ പന്തിൽ രോഹിത് ശർമ്മയെ(11) ആയുഷ് ബദോനി പിടികൂടിയപ്പോൾ തൊട്ടടുത്ത ഓവറിൽ ഇഷാൻ കിഷനെ(15) യഷ് താക്കൂർ വിക്കറ്റിന് പിന്നിൽ നിക്കോളാസ് പുരാന്റെ കൈകളിൽ ഭദ്രമാക്കി. പിന്നീടെത്തിയ കാമറൂൺ ഗ്രീൻ തകർത്തടിച്ചതോടെ പവർപ്ലേ പൂർത്തിയാകുമ്പോൾ 62-2 എന്ന ശക്തമായ നിലയിലെത്തി മുംബൈ. 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസിന് 97 റൺസുണ്ടായിരുന്നു.
ടീം സ്‌കോർ 100 കടന്നതിന് പിന്നാലെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ സൂര്യകുമാർ യാദവ് പുറത്തായി. 33 റൺസാണ് യാദവിന്റെ സമ്പാദ്യം. ഇതേ ഓവറിൽ ഗ്രീനിനെ(23 പന്തിൽ 41) നവീൻ സ്ലോ ബോളിൽ ബൗൾഡാക്കി. ഡേവിഡിനെ(13 പന്തിൽ 13) ഹൈ ഫുൾടോസിൽ മടക്കുകയായിരുന്നു യഷ് താക്കൂർ. 18-ാം ഓവറിൽ തിലക് വർമ്മയെയും(24 പന്തിൽ 26) പുറത്താക്കി നവീൻ നാല് വിക്കറ്റ് തികച്ചു. മൊഹ്സീൻ ഖാന്റെ 19-ാം ഓവറിൽ ക്രിസ് ജോർദാനും(7 പന്തിൽ 4) മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തിൽ നെഹാൽ വധേരയെ(12 ബോളിൽ 23) യഷ് പറഞ്ഞയച്ചു. വധേര രണ്ട് വീതം ഫോറും സിക്സും പറത്തി.
അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള മുംബൈ, ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇതുവരെ കളിച്ച 2 സീസണിലും പ്ലേ ഓഫിലെത്തിയ ലക്നൗ ആകട്ടെ, കഴിഞ്ഞ തവണ ബാംഗ്ലൂരിനോടു തോറ്റു മടങ്ങിയതിനു സമാനമായി ഇത്തവണ മുംബൈയോടും തോറ്റ് പുറത്തായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates