

കൊല്‍ക്കത്ത: ഈ ഐപിഎല്‍ സീസണില്‍ ആദ്യമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബൗളിങ് നിര മികവോടെ പന്തെറിഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മികച്ച സ്‌കോര്‍ നേടാനുള്ള മോഹം പൊലിഞ്ഞു. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരില്‍ കൊല്‍ക്കത്തയ്ക്കു ജയിക്കാന്‍ 156 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് സ്വന്തമാക്കി.
ടോസ് നേടി രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി ഇടവേളയ്ക്കു ശേഷം ഫോമിലേക്ക് മടങ്ങിയെത്തി. സുനില്‍ നരെയ്ന്‍ ബൗളിങിലെ തന്റെ ആധിപത്യം തുടര്‍ന്നു. പേസര്‍ കാര്‍ത്തിക് ത്യാഗിയും മികച്ച പന്തുകളുമായി കളം വാണതോടെ രാജസ്ഥാനു മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലെടുക്കാന്‍ സാധിക്കാതെ പോയി.
വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന ഓപ്പണിങ് സഖ്യം 8.4 ഓവറില്‍ ടീം സ്‌കോര്‍ 81 റണ്‍സിലെത്തിച്ചാണ് പിരിഞ്ഞത്. എന്നാല്‍ പിന്നീട് ഒരാളും പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം കാണിക്കാതിരുന്നത് രാജസ്ഥാനു തിരിച്ചടിയായി.
വൈഭവ് 28 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 28 പന്തില്‍ 46 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 29 പന്തില്‍ 4 ഫോറും 2 സിക്‌സും പറത്തി 39 റണ്‍സും കണ്ടെത്തി. വരുണ്‍ പന്തെറിയാന്‍ എത്തിയതോടെയാണ് രാജസ്ഥാന് കാര്യങ്ങള്‍ കൈവിട്ടു പോയത്.
വൈഭവിനെ മടക്കി വരുണാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, 15 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍.
വരുണ്‍ 4 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. നരെയ്ന്‍ 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗിയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates