

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ ജയം തേടുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ 182 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ടോസ് നേടി ലഖ്‌നൗ ബൗളിങ് എടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് അടിച്ചെടുത്തു.
ബാറ്റിങിനു ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മികച്ച തുടക്കമിട്ടു. സഹ ഓപ്പണര്‍ ഫിന്‍ അലന്‍ വീണ്ടും പരാജയമായി. മൂന്നാമനായി എത്തിയ അംഗ്കൃഷ് രഘുവംശിയെ കൂട്ടുപിടിച്ച് രഹാനെ പിന്നീട് ഇന്നിങ്‌സ് നേരെയാക്കി. സ്‌കോര്‍ 15ല്‍ എത്തിയപ്പോഴാണ് കെകെആറിനു ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീടാണ് രഹാനെ- രഘുവംശി കൂട്ടുകെട്ട് ടീമിന്റെ കരുത്തായത്. മധ്യനിരയില്‍ റോവ്മാന്‍ പവല്‍- കമറൂണ്‍ ഗ്രീന്‍ സഖ്യവും ചേര്‍ന്ന് സ്‌കോര്‍ 181ല്‍ എത്തിക്കുയായിരുന്നു.
രഹാനെ- രഘുവംശി സഖ്യം 84 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രഹാനെ 24 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 41 റണ്‍സെടുത്തു. 11ാം ഓവറിന്റെ രണ്ടാം പന്തില്‍ രഹാനെ മടങ്ങുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 99ല്‍ എത്തിയിരുന്നു.
സ്‌കോര്‍ 105ല്‍ നില്‍ക്കെ രഘുവംശിയും 111ല്‍ നില്‍ക്കെ റിങ്കു സിങും മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് അടുപ്പിച്ച് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അതിനു ശേഷമാണ് ഗ്രീന്‍- പവല്‍ സഖ്യം നിര്‍ണായകമായത്. ഇരുവരും ചേര്‍ന്നു പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 40 പന്തില്‍ 70 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്.
രഘുവംശിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 5 ഫോറും 2 സിക്‌സും സഹിതം 33 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. റിങ്കു സിങ് 4 റണ്‍സുമായി മടങ്ങി.
കോടികള്‍ മുടക്കി ടീമിലെത്തിച്ച കമറൂണ്‍ ഗ്രീന്‍ ഒടുവില്‍ ഫോമിലേക്ക് എത്തിയതാണ് കെകെആറിനു സന്തോഷം നല്‍കിയത്. താരം പുറത്താകാതെ 24 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 32 റണ്‍സ് വാരി. റോവ്മാന്‍ പവല്‍ 24 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 39 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates