

ഹൈദരാബാദ്: ഐപിഎല്ലില്‍ തുടര്‍ ജയങ്ങളുമായി മുന്നേറിയ രാജസ്ഥാന്‍ റോയല്‍സ് വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ജയത്തിലേക്ക് തിരിച്ചെത്തി. അവര്‍ 57 റണ്‍സിനു രാജസ്ഥാനെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. രാജസ്ഥാന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ റോയല്‍സ് ഇങ്ങനെ ഒരു തകര്‍ച്ച പ്രതീക്ഷിച്ചില്ല. 217 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ 3 ഓവറില്‍ 9 റണ്‍സ് എത്തുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി ഇരുട്ടില്‍ തപ്പി. മിന്നലടികളുമായി കളം വാഴുന്ന 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കിനു മടക്കി തുടങ്ങിയ എസ്ആര്‍എച് തുടരെ 4 വിക്കറ്റുകള്‍ കൂടി പിഴുതാണ് രാജസ്ഥാനെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത്.
24കാരന്‍ മീഡിയം പേസര്‍ പ്രഫുല്‍ പ്രകാശ് ഹിംഗെയുടെ പന്തുകളാണ് രാജസ്ഥാനെ തകര്‍ത്തത്. ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതാണ് താരം രാജസ്ഥാനെ ഞെട്ടിച്ചത്. ആദ്യ വരവില്‍ തന്നെ പ്രഫുല്‍ 2 ഓവറില്‍ 6 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ ക്ഷണത്തില്‍ പിഴുതു. യശസ്വി ജയ്‌സ്വാളിനെ സാകിബ് ഹുസൈനും പുറത്താക്കിയതോടെ രാജസ്ഥാനു 9 റണ്‍സിനിടെ 5 വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നു.
രാജസ്ഥാന്‍ ബാറ്റിങിന്റെ മുന്‍നിരയെ പ്രഫുലും വാലറ്റത്തെ സാകിബ് ഹുസൈനും ചേര്‍ന്നു തകര്‍ക്കുകയായിരുന്നു. ഇരുവരും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വൈഭവ് സൂര്യവംശി, പിന്നാലെ വന്ന ധ്രുവ് ജുറേല്‍, അരങ്ങേറ്റ മത്സരം കളിക്കുന്ന ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് എന്നിവര്‍ പൂജ്യത്തിനു മടങ്ങി. മൂവരേയയും പ്രഫുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. പിന്നാലെ തന്റെ അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനേയും താരം 4 റണ്‍സുമായി കൂടാരം കയറ്റി.
ഒരു ഘട്ടത്തില്‍ സ്‌കോര്‍ 50 പോലും കടക്കുമോ എന്നു സംശയിച്ചു. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും ഡോണോവന്‍ ഫെരെയ്‌രയും ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. ഇതോടെയാണ് കൂട്ടത്തകര്‍ച്ച രാജസ്ഥാന്‍ അതിജീവിച്ചത്.
ഡോണോവന്‍ ഫെരെയ്ര 44 പന്തില്‍ 7 ഫോറും 3 സിക്‌സും സഹിതം 69 റണ്‍സെടുത്തു. ജഡേജ 32 പന്തില്‍ 5 ഫോറുകള്‍ സഹിതം 45 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പക്ഷേ സഖ്യത്തിനും ടീമിനെ ജയിപ്പിക്കാനായില്ല.
തുഷാര്‍ ദേശ്പാണ്ഡെ 3 സിക്‌സുകള്‍ സഹിതം 11 പന്തില്‍ 25 റണ്‍സെടുത്തു ശ്രമം നടത്തിയെങ്കിലും അതൊന്നും ജയത്തിലെത്താന്‍ പര്യാപ്തമായിരുന്നില്ല. തോല്‍വി ഭാരം ലഘൂകരിക്കാന്‍ സാധിച്ചതു മാത്രം മിച്ചം.
സണ്‍റൈസേഴ്‌സിനായി പ്രഫുല്‍ 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. സാകിബ് 4 ഓവറില്‍ 24 റണ്‍സ് വഴങ്ങിയും 4 വിക്കറ്റെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഇഷാന്‍ മലിംഗയും സ്വന്തമാക്കി.
ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ഇന്നിങ്‌സാണ് സണ്‍റൈസേഴ്‌സിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി, സലില്‍ അറോറ എന്നിവരുടെ മിന്നലടികളും എസ്ആര്‍എചിനെ തുണച്ചു.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടപ്പെട്ട് ഞെട്ടിയാണ് സണ്‍റൈസേഴ്‌സ് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ രവി ബിഷ്‌ണോയ്ക്ക് ക്യാച്ച് നല്‍കി അഭിഷേക് ആദ്യ പന്തില്‍ തന്നെ മടങ്ങി. കഴിഞ്ഞ കളിയില്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് അഭിഷേകിന്റെ ഈ ഗോള്‍ഡന്‍ ഡക്ക്.
പിന്നീട് ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും ചേര്‍ന്നു പതിയെ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഇഷാന്‍ കടന്നാക്രമണം നടത്തി. അതിനിടെ സ്‌കോര്‍ 55ല്‍ എത്തിയപ്പോള്‍ ട്രാവിസ് ഹെഡ് പുറത്തായി. താരം ഇത്തവണയും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. 18 പന്തില്‍ 18 റണ്‍സുമായാണ് ഹെഡ് പുറത്തായത്.
ഇഷാനൊപ്പം ക്ലാസനെത്തിയതോടെ ഹൈദരാബാദ് ടോപ് ഗിയറിലേക്ക് മാറി. ഇരുവരും ചേര്‍ന്നു 88 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇഷാന്‍ 44 പന്തില്‍ 6 സിക്‌സും 8 ഫോറും സഹിതം 91 റണ്‍സ് അടിച്ചെടുത്തു. താരത്തിനു 9 റണ്‍സില്‍ സെഞ്ച്വറി നഷ്ടമായത് മാത്രമാണ് ടീമിനു നിരാശയായത്.
ക്ലാസന്‍ 26 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സ് അടിച്ചെടുത്തു. അവസാനം നിതീഷ് കുമാറും സലില്‍ അറോറയും വന്നു കൂട്ടിക്കത്തിക്കലും നടത്തി. നിതീഷ് 13 പന്തില്‍ 4 സിക്‌സുകള്‍ സഹിതം 28 റണ്‍സുമായി പുറത്തായി. 13 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം സലില്‍ 24 റണ്‍സും സ്വന്തമാക്കി.
രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates