

അബുദാബി: ഐപിഎല്‍ ലേലം ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ അബുദാബിയില്‍ അരങ്ങേറാനിരിക്കെ ആദ്യമായി ലേലത്തിലേക്ക് എത്തുന്ന ഈ 5 വിദേശ താരങ്ങളെ ടീമുകള്‍ നോട്ടമിടുന്നു. ജാമി സ്മിത്ത്, ബെന്‍ ഡക്കറ്റ്, ജോര്‍ദാന്‍ കോക്‌സ് എന്നീ ഇംഗ്ലണ്ട് താരങ്ങളും ദക്ഷിണാഫ്രിക്കയുടെ ഏതാന്‍ ബോഷ്, ബംഗ്ലാദേശിന്റെ റിഷാദ് ഹുസൈന്‍ എന്നീ താരങ്ങളാണ് ടീമുകളുടെ റഡാറിലുള്ള അരങ്ങേറ്റക്കാര്‍.
മിനി താര ലേലത്തില്‍ 10 ടീമുകള്‍ക്കായി 77 താരങ്ങളെയാണ് വേണ്ടത്. 359 താരങ്ങളാണ് അന്തിമ ലേല പട്ടികയിലുള്ളത്. ഇതില്‍ നിന്നാണ് 77 പേരെ ടീമുകള്‍ ലേലത്തിലൂടെ സ്വന്തമാക്കുക. പട്ടികയില്‍ 244 ഇന്ത്യന്‍ താരങ്ങളും 115 വിദേശ താരങ്ങളുമുണ്ട്. 77ല്‍ 31 വിദേശ താരങ്ങളുടെ ക്വാട്ടയാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷമാണ് കുറഞ്ഞ അടിസ്ഥാന വില. 237.55 കോടിയാണ് ടീമുകള്‍ക്കെല്ലാമായി ചെലവാക്കാന്‍ കൈയിലുള്ളത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പേഴ്സിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. ഏറ്റവും കുറച്ച് തുക കൈയിലുള്ളത് മുംബൈ ഇന്ത്യന്‍സിനും.
ജാമി സ്മിത്ത്
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററായ ജാമി സ്മിത്ത് പരിമിത ഓവറിലും മികവ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മികച്ച ബാറ്ററെന്ന നിലയില്‍ മികവിലേക്ക് ഉയരുന്ന താരമാണ് 25കാരന്‍. കാമറൂൺ ഗ്രീനിനൊപ്പം ടീമുകൾ മത്സരിച്ച് ലേലം വിളിക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളും സ്മിത്താണ്. അന്താരാഷ്ട്ര ടി20യില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 194.02 ആണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 60 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 5 ടി20 മത്സരങ്ങളില്‍ നിന്നു നേടിയത് 130 റണ്‍സ്. ടി20 കരിയറില്‍ ആകെ 97 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1687 റണ്‍സ് നേടി. 144.31 ആണ് സ്‌ട്രൈക്കറ്റ് റേറ്റ്. ആവറേജ് 24.44. അര്‍ധ സെഞ്ച്വറികള്‍ 9 എണ്ണം. ദി ഹണ്ട്രഡ് പോരാട്ടത്തില്‍ മിന്നും ഫോമിലാണ് ബാറ്റ് വീശിയിട്ടുള്ളത്. 19 പോരാട്ടത്തില്‍ നിന്നു 431 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ് 164.50. മൂന്ന് അര്‍ധ സെഞ്ച്വറികളും ഹണ്ട്രഡിലുണ്ട്.
ഏതാന്‍ ബോഷ്
ദക്ഷിണാഫ്രിക്കന്‍ താരം കോര്‍ബിന്‍ ബോഷിന്റെ ഇളയ സഹോദരാണ് ഏതാന്‍. ബൗളിങ് ഓള്‍ റൗണ്ടറായ താരം 84 ടി20 മത്സരങ്ങളില്‍ നിന്നു 85 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രണ്ട് തവണ നാല് വിക്കറ്റ് നേട്ടം. ബാറ്റിങില്‍ 614 റണ്‍സ് നേട്ടം. സൗത്താഫ്രിക്ക ടി20യില്‍ പ്രിട്ടോറിയസ് ക്യാപിറ്റല്‍സ് താരമാണ്. ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒരുപക്ഷേ താരത്തെ വിളിച്ചെടുക്കാന്‍ സാധ്യത കൂടുതലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഏകദിന മത്സരം കളിച്ചിട്ടുണ്ട്. 8 വര്‍ഷമായി ടി20 ലീഗുകളില്‍ കളിക്കുന്ന താരത്തിന്റെ പരിചയ സമ്പത്ത് ടീമുകള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും.
ബെന്‍ ഡക്കറ്റ്
ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റിങിന്റെ നെടുംതൂണുകളില്‍ ഒരാളാണ് ഡക്കറ്റ്. 2012ല്‍ ടി20യില്‍ അരങ്ങേറിയ താരത്തിന്റെ പരിചയ സമ്പത്ത് ടീമുകള്‍ക്ക് ബലം നല്‍കും. 216 ടി20 മത്സരങ്ങളില്‍ നിന്നായി 5397 റണ്‍സ് നേട്ടം. 34 അര്‍ധ സെഞ്ച്വറികളും അക്കൗണ്ടിലുണ്ട്. ഇംഗ്ലണ്ടിനായി 20 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 527 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ് 153.64. ഉയര്‍ന്ന സ്‌കോര്‍ 84 റണ്‍സ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, ദി ഹണ്ട്രഡ് പോരാട്ടങ്ങളില്‍ കളിച്ചിട്ടുണ്ട്.
ജോര്‍ദാന്‍ കോക്‌സ്
മറ്റൊരു ഇംഗ്ലണ്ട് താരം. 2019ല്‍ ടി20 അരങ്ങേറ്റം. 163 ടി20 മത്സരങ്ങളില്‍ നിന്നു 3744 റണ്‍സ് നേടി. സ്‌ട്രൈക്ക് റേറ്റ് 141.87. ഒരു സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, സൗത്ത് ആഫ്രിക്ക ടി20, അബുദാബി ടി10 ലീഗ്, ഐഎല്‍ടി20, ദി ഹണ്ട്രഡ് അടക്കം ലോകത്തെ ഒട്ടുമിക്ക ഫ്രൈഞ്ചൈസി ലീഗുകളിലേയും സ്ഥിര സാന്നിധ്യം കൂടിയാണ് ജോര്‍ദാന്‍. ആദ്യമായാണ് ഐപിഎല്‍ ലേലത്തില്‍ ഇടം പിടിക്കുന്നത്.
റിഷാദ് ഹുസൈന്‍
23കാരനായ ബംഗ്ലാദേശ് സ്പിന്നര്‍ നാളെയുടെ താരമായി ഗണിക്കപ്പെടുന്നു. 96 ടി20 മത്സരങ്ങളില്‍ നിന്നായി 109 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങിനു ഇറങ്ങിയാല്‍ മികച്ച ഹിറ്ററാണ് താരം. ശ്രീലങ്കക്കെതിരെ കഴിഞ്ഞ വര്‍ഷം താരം 30 പന്തില്‍ 53 റണ്‍സെടുത്ത് ദേശീയ ടീമിനായി തിളങ്ങിയിരുന്നു. ഏഴ് സിക്‌സുകളടക്കം തൂക്കിയായിരുന്നു ബാറ്റിങ്. ബിബിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയെങ്കിലും കഴിഞ്ഞ തവണ താരത്തിനു എന്‍ഓസി കിട്ടാത്തത് തിരിച്ചടിയായി. ഈ സീസണില്‍ താരം ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനായി കളിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates