

അഹമ്മദാബാദ്: നിറഞ്ഞു നിന്ന ആവേശം, ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വമ്പൻ ജയം. 189 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസിൽ തൃപ്‌തിപ്പെടേണ്ടി വന്നു. ഇതോടെ 34 റൺസ് വിജയത്തിൽ ഐപിഎൽ 16-ാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്.
അർധസെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസന് മാത്രമാണ് സൺറൈസേഴ്സ് ബാറ്റിംഗ് നിരയിൽ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. 44പന്തിൽ 63 റൺസാണ് ക്ലാസൻ സ്വന്തമാക്കിയത്. 26 പന്തിൽ 27 റൺസ് നേടിയ ഭുവനേശ്വർ കുമാറും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. എട്ടാം വിക്കറ്റിൽ ക്ലാസനും ഭുവിയും ചേർന്ന് 68 റൺസെടുത്തു.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമിയും മോഹിത് ശർമ്മയും നാല് വീതം വിക്കറ്റ് നേടി. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഗുജറാത്തിന് കരുത്തായത്. 58 പന്തിൽ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ചറി.അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെയാണ് 188ൽ റൺസ് വേട്ട അവസാനിച്ചത്.
സൺറൈസേഴ്സിന് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് നേടി. ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ഡക്കായി വൃദ്ധിമാൻ സാഹ സ്ലിപ്പിൽ അഭിഷേക് ശർമ്മയുടെ കൈകളിലെത്തി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് സ്ഥാപിച്ച 146 റൺസിന്റെ കൂട്ടുകെട്ട് ടൈറ്റൻസിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും പവർപ്ലേയിൽ 65-1 എന്ന ശക്തമായ നിലയിലേക്ക് ഗുജറാത്തിനെ എത്തിച്ചു. 15-ാം ഓവറിൽ സായിയെ പുറത്താക്കി മാർക്കോ യാൻസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തിൽ 6 ഫോറും ഒരു സിക്സും സഹിതം സായ് സുദർശൻ 47 റൺസ് നേടി. 5 പന്തിൽ 7 റൺസ് നേടിയ ഡേവിഡ് മില്ലറെ ടി നടരാജനും 3 പന്തിൽ മൂന്ന് നേടിയ രാഹുൽ തെവാട്ടിയയെ ഫസൽഹഖ് ഫറൂഖിയും പുറത്താക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates