ന്യൂഡൽഹി: ഐപിഎൽ 2022 മെഗാ താര ലേലത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തു വന്നു കഴിഞ്ഞു. 590 കളിക്കാരുടെ ചുരുക്കപ്പട്ടികയാണ് ബിസിസിഐ പുറത്തു വിട്ടത്. പട്ടിക പുറത്തു വന്നതിന് പിന്നാലെ അതിലെ ഒരു പേരാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരിൽ കൗതുകം ജനിപ്പിച്ചത്.
ഒരു സംസ്ഥാനത്തിന്റെ കായിക മന്ത്രിയും അന്തിമ പട്ടികയിലുണ്ട് എന്നതാണ് ആ കൗതുകം. പശ്ചിമ ബംഗാൾ കായിക-യുവജനക്ഷേമ മന്ത്രിയും ഇന്ത്യൻ താരവുമായ മനോജ് തിവാരിയാണ് ഐപിഎൽ മെഗാ താര ലേലത്തിനുള്ള പട്ടികയിൽ ഇടം കണ്ടത്. 50 ലക്ഷമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില.
ഡൽഹി ഡെയർ ഡെവിൾസ് (ഡൽഹി ക്യാപ്പിറ്റൽസ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പുനെ സൂപ്പർ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകൾക്കായി ഐപിഎല്ലിൽ 98 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് തിവാരി. ഏഴ് അർധ സെഞ്ച്വറികളടക്കം 1695 റൺസും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2018ൽ പഞ്ചാബ് ടീമിന് വേണ്ടിയാണ് മനോജ് തിവാരി അവസാനമായി ഐപിഎല്ലിൽ കളിച്ചത്.
2020-ലെ ലേലപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല. 2018ൽ ഒരു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. 2015-ലാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്.
കഴിഞ്ഞ വർഷമാണ് തിവാരി രാഷ്ട്രീയത്തിൽ ഇറങ്ങിയത്. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി. ഷിബ്പുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച തിവാരി ബിജെപിയുടെ റതിൻ ചക്രവർത്തിയെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. ജയിച്ചു വന്ന അദ്ദേഹത്ത മമതാ ബാനർജി കായിക മന്ത്രിയാക്കുകയും ചെയ്തു. കായിക മന്ത്രിയായിരിക്കെ തന്നെ ബംഗാളിന്റെ രഞ്ജി ട്രോഫി ടീമിൽ ഇടംപിടിച്ചതും നേരത്തെ വാർത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates