

നഗോയ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലില്‍ ശ്രീലങ്കയ്ക്കു മുന്നില്‍ 170 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനാണ് (80*) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷാനു പുറമെ 38 റണ്‍സ് നേടിയ കൗമാര താരം വൈഭവ് സൂര്യവംശി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 169 റണ്‍സ് നേടിയത്. ശ്രീലങ്കയ്ക്കു വേണ്ടി ക്യാപ്റ്റന്‍ സഹന്‍ അരച്ചിഗെയും തരിന്ദു രത്‌നായകെയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്നോവര്‍ പിന്നിടുന്നതിനിടെ അഭിഷേക് ശര്‍മയെയും സഞ്ജു സാംസണിനെയും മടക്കി ശ്രീലങ്ക ഞെട്ടിച്ചു. ഇരുവരും ഏഴുവീതം റണ്‍സാണ് നേടിയത്. നായകന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച വൈഭവ്, അഞ്ചോവറില്‍ ടീം സ്‌കോര്‍ 50ല്‍ എത്തിച്ചു. 38 റണ്‍സ് നേടിയ വൈഭവ് ഏഴാം ഓവറില്‍ വീണതോടെ സ്‌കോര്‍ മൂന്നിന് 59 എന്ന നിലയിലായി. 21 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.
അഞ്ചാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശ്രേയസ് 13ഉം, അക്‌സര്‍ പട്ടേല്‍ എട്ടും തിലക് വര്‍മ രണ്ടും ശിവം ദുബെ മൂന്നും റണ്‍സെടുത്ത് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. അവസാന പന്തുവരെ പൊരുതിയ ഇഷാന്‍ കിഷന്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ ഏഴ് റണ്‍സ് നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates