'ഇഷാന്ത് ശർമയല്ല, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുഹമ്മദ് സിറാജിനെ കളിപ്പിക്കണം'; കാരണങ്ങൾ നിരത്തി ഹർഭജൻ സിങ്
ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പേസർ ഇഷാന്ത് ശർമയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലുൾപ്പെടുത്തണമെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിങ്. താനായിരുന്നു ക്യാപ്റ്റൻ എങ്കിൽ മൂന്ന് സമ്പൂർണ ഫാസ്റ്റ് ബൗളർമാർക്കൊപ്പമാവും താൻ പോവുക എന്നാണ് ഹർഭജൻ പ്രതികരിച്ചത്.
ബൂമ്രയും ഷമിയും ടീമിലേക്ക് എത്തുമ്പോൾ ഇഷാന്തിന് പകരം താൻ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തും. ഇഷാന്ത് വിസ്മയിപ്പിക്കുന്ന ബൗളറാണ്. എന്നാൽ ഈ മത്സരത്തിന് സിറാജിനെയാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ വലിയ പുരോഗതിയാണ് സിറാജിന്റെ ബൗളിങ്ങിൽ കാണാനായത്, ഹർഭജൻ സിങ് പറഞ്ഞു.
നിലവിലെ അവസ്ഥ നിങ്ങൾ നോക്കൂ. സിറാജിന്റെ ഇപ്പോഴത്തെ ഫോമും പേസും ആത്മവിശ്വാസവും ഫൈനലിന് ഇറങ്ങാൻ ഇഷാന്തിന് മുകളിൽ സിറാജിന് സാധ്യത നൽകുന്നു. കഴിഞ്ഞ ആറ് മാസമായി സിറാജ് പിന്തുടരുന്ന ഫോം. ചാൻസുകൾക്ക് വേണ്ടി വിശന്ന് നിൽക്കുന്ന ബൗളറായാണ് സിറാജിനെ കാണാനാവുന്നത്. ഇഷാന്തിന് അടുത്തിടെ പരിക്കുകൾ അലോസരമായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകുന്ന താരമാണ് ഇശാന്ത് എന്നതിൽ ഒരു സംശയവും ഇല്ല.
ക്രീസിൽ പച്ചപ്പുണ്ടെങ്കിൽ സിറാജിന്റെ ആക്രമണത്തിന് മൂർച്ച കൂടും. ന്യൂസിലാൻഡ് ബാറ്റ്സ്മാന്മാർക്ക് സിറാജിനെതിരെ കളിക്കുക എളുപ്പമാവില്ല, എന്റെ വാക്കുകൾ വിശ്വസിക്കൂ. മികച്ച വേഗത്തിൽ പന്തിൽ മൂവ്മെന്റ്സ് സൃഷ്ടിക്കാൻ സിറാജിന് കഴിയും. ബാറ്റ്സ്മാന് വിചിത്രമായ ആംഗിളുകൾ സൃഷ്ടിച്ച് പന്തെറിയാനും സിറാജിന് കഴിയുമെന്ന് ഹർഭജൻ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

