

മുംബൈ: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ തുടങ്ങാനിരിക്കെ എലൈറ്റ് റെക്കോര്‍ഡില്‍ കണ്ണും നട്ട് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച അനുപമ നേട്ടം മറികടക്കാനുള്ള അവസരമാണ് ഇരുവരേയും കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിരവൈരികളായ പാകിസ്ഥാനുമായാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം.
22 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ ഏഷ്യാ കപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത് സച്ചിനാണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തും. 971 റണ്‍സാണ് സച്ചിന്‍ ഏഷ്യാ കപ്പില്‍ അടിച്ചെടുത്തത്. ഈ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്തും കോഹ്‌ലി 12ാം സ്ഥാനത്തുമാണ്. രോഹിത് ഇതുവരെയായി 745 റണ്‍സാണ് അടിച്ചെടുത്തത്. കോഹ്‌ലി 613 റണ്‍സും.
സച്ചിനെ മറികടക്കാന്‍ രോഹിതിനു 226 റണ്‍സും കോഹ്‌ലിക്ക് 358 റണ്‍സും വേണം. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് ബാറ്റര്‍മാരായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത് രോഹിതിനേയും കോഹ്‌ലിയേയുമാണ്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇരുവരും ഏഷ്യാ കപ്പില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
രണ്ട് ശ്രീലങ്കന്‍ ഇതിഹാസങ്ങളാണ് ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ആയിരത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടേ രണ്ട് താരങ്ങളും അവര്‍ തന്നെ.
ഇതിഹാസ ലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ 1220 റണ്‍സുമായി ഒന്നാമത് നില്‍ക്കുന്നു. 1075 റണ്‍സുമായി കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. ജയസൂര്യ 25 കളികളും 24 ഇന്നിങ്‌സും ബാറ്റ് ചെയ്തു. സംഗ 24 കളികളും 23 ഇന്നിങ്‌സും ബാറ്റ് വീശി. സച്ചിന്‍ 23 കളികളും 21 ഇന്നിങ്‌സും ബാറ്റേന്തിയാണ് 971 റണ്‍സെടുത്തത്.
നാലാം സ്ഥാനത്ത് പാക് താരം ഷൊയ്ബ് മാലിക്കാണ്. 786 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. 17 കളിയും 15 ഇന്നിങ്‌സുകളും താരം കളിച്ചു. മാലിക്കിനെ ആദ്യ മത്സരത്തില്‍ തന്നെ ഒരുപക്ഷേ രോഹിത് മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറുമെന്നു പ്രതീക്ഷിക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates