

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബംഗളൂരു എഫ്സിയെ വീഴ്ത്തി ജംഷഡ്പുർ. അവസാന ലീഗ് പോരിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ജംഷഡ്പുർ വിജയം പിടിച്ചത്. സ്റ്റീഫൻ എസ്സെ, സെയ്മിൻലെൻ ദുംഗൽ, ഡേവിഡ് ഗ്രാൻഡെ എന്നിവർ ജംഷഡ്പുരിനായി സ്‌കോർ ചെയ്തപ്പോൾ ബംഗളൂരുവിനായി ഫ്രാൻ ഗോൺസാലസ്, സുനിൽ ഛേത്രി എന്നിവർ വല ചലിപ്പിച്ചു.
ഈ വിജയത്തോടെ ജംഷഡ്പുർ ആറാം സ്ഥാനത്തെത്തി. ബംഗളൂരു ഏഴാം സ്ഥാനത്തേക്ക് വീണു. ഇരു ടീമുകൾക്കും പ്ലേ ഓഫിൽ കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ മത്സര ഫലം കൂടി നിർണായകമാണ്.
15-ാം മിനിട്ടിൽ സ്റ്റീഫൻ എസ്സെയാണ് ജംഷഡ്പുരിനായി ആദ്യ ഗോൾ നേടിയത്. ഐടർ മൺറോയിയുടെ പാസ് സ്വീകരിച്ച് എസ്സെ കൃത്യമായി പന്ത് വലയിലെത്തിച്ചു. ഗോൾ നേടിയിട്ടും ആക്രമിച്ച് കളിക്കാനാണ് ജംഷഡ്പുർ ശ്രമിച്ചത്. 33-ാം മിനിറ്റിൽ ടീം രണ്ടാം ഗോൾ നേടി. ഇത്തവണ സെയ്മിൻലെൻ ദുംഗലാണ് സ്‌കോർ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ പാസ് സ്വീകരിച്ച ദുംഗൽ വലംകാൽ കൊണ്ട് തൊടുത്ത ഷോട്ട് ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിനെ മറികടന്നുകൊണ്ട് വലയിലെത്തി.
40-ാം മിനിറ്റിൽ ബംഗളൂരുവിന്റെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് ജംഷഡ്പുർ മൂന്നാം ഗോൾ നേടി. ഇത്തവണ ഡേവിഡ് ഗ്രാൻഡെയാണ് ടീമിനായി സ്‌കോർ ചെയ്തത്. ഇത്തവണയും മൺറോയിയുടെ പാസിൽ നിന്നാണ് ഗോൾ പിറന്നത്. മൺറോയിയുടെ ക്രോസ് സ്വീകരിച്ച ഗ്രാൻഡെ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച് ബംഗളൂരു കളം നിറഞ്ഞതോടെ ജംഷഡ്പുർ അപകടം മണത്തു. 61-ാം മിനിറ്റിൽ ഫ്രാൻ ഗോൺസാലസിലൂടെ ബംഗളൂരു ഒരു ഗോൾ തിരിച്ചടിച്ചു. പരാഗ് ശ്രീവാസിന്റെ ക്രോസ് സ്വീകരിച്ച ഫ്രാൻ മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് വല ചലിപ്പിച്ചത്.
ആക്രമണം തുടർന്ന ബംഗളൂരു 70-ാം മിനിറ്റിൽ വീണ്ടും സ്‌കോർ ചെയ്തു. ഇത്തവണ നായകൻ സുനിൽ ഛേത്രിയാണ് ഗോൾ നേടിയത്. ഈ ഗോളും ഹെഡ്ഡർ വഴിയാണ് പിറന്നത്. ഹർമൻജോട് ഖാബ്ര നൽകിയ ക്രോസ് ബോക്‌സിനകത്ത് വെച്ച് സ്വീകരിച്ച ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചു. പിന്നീട് സമനില ഗോൾ നേടാൻ ബെംഗളൂരു സർവം മറന്ന് കളിച്ചെങ്കിലും ജംഷഡ്പുർ പ്രതിരോധനിര തടയിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates