

ലണ്ടൻ: ക്രിക്കറ്റിലേക്ക് എത്താൻ പ്രേരിപ്പിച്ച രണ്ട് ഇന്ത്യൻ കളിക്കാരുടെ പേരുകൾ വെളിപ്പെടുത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരാണ് ബട്ട്ലർ ഇവിടെ പറയുന്നത്.
ഇന്ത്യക്കാർ ഉൾപ്പെടെ ഈ തലമുറയിലെ പലരും സച്ചിൻ ക്രിക്കറ്റിലേക്ക് എത്താൻ പ്രചോദനമായെന്ന് പറയുമ്പോഴാണ് ബട്ട്ലർ മറ്റ് രണ്ട് പേരുകൾ പറയുന്നത്. ഞാൻ വളർന്നു വരുന്ന സമയത്ത് ഗാംഗുലിയും ദ്രാവിഡും വലിയ സെഞ്ചുറികൾ നേടുന്നത് എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1999ലെ ലോകകപ്പിൽ ഇന്ത്യ-ശ്രീലങ്ക മത്സരത്തിലാണ് ഇന്ത്യൻ കാണികളെ ആദ്യമായി കാണുന്നത്. കളിയിൽ അവർക്കുള്ള അഭിനിവേശം ഞാൻ തിരിച്ചറിഞ്ഞത് അവിടെ നിന്നാണ്. ലോകകപ്പ് കളിക്കാനുള്ള ആഗ്രഹവും ഉടലെടുത്തത് അവിടെ നിന്നാണ്, ബട്ട്ലർ പറയുന്നു.
ശ്രീലങ്കയ്ക്കെതിരെ 1999 ലോകകപ്പിൽ ഗാംഗുലിയും ദ്രാവിഡും ചേർന്ന് രണ്ടാം വിക്കറ്റിൽ 318 റൺസ് കണ്ടെത്തിയിരുന്നു. ഗാംഗുലി 183 റൺസ് എടുത്തപ്പോൾ ദ്രാവിഡ് 145 റൺസ് നേടി.373 റൺസ് ആണ് ഇന്ത്യ അവിടെ ശ്രീലങ്കയ്ക്ക് മുൻപിൽ വെച്ചത്. ചെയ്സ് ചെയ്ത ശ്രീലങ്ക 216 റൺസിന് പുറത്തായി.
ഐപിഎല്ലിൽ എത്തിയതോടെ ഇന്ത്യയോടുള്ള ബട്ട്ലറുടെ സ്നേഹവും കൂടി. രാജസ്ഥാൻ റോയൽസിന്റെ താരമാണ് ബട്ട്ലർ. ഐപിഎൽ പതിനാലാം സീസൺ പാതി വഴിയിൽ നിർത്തുമ്പോൾ ഒരു സെഞ്ചുറി ബട്ട്ലറുടെ ബാറ്റിൽ നിന്ന് വന്നു കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ന്യൂസിലാൻഡിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ബട്ട്ലർ ടീമിൽ ഇടംപിടിക്കാൻ സാധ്യതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates