

കണ്ണൂര്‍: കൂളാണ് കണ്ണൂർ വാരിയേഴ്സ് എഫ്സി പരിശീലകൻ മാനുവൽ സാഞ്ചസ്. എന്നാൽ തന്ത്രങ്ങൾ അത്ര കൂളല്ല. തനിക്കു കിട്ടിയ സ്ക്വാഡിനെ അദ്ദേഹം ഭംഗിയായി തന്നെ കളത്തിലേക്ക് ഇറക്കിവിട്ടു. ഫലം കന്നി സൂപ്പർ ലീഗ് കേരള കിരീടം രണ്ടാം സീസണിൽ തന്നെ അവരുടെ ഷോക്കേസിലെത്തി. ശരിക്കും കണ്ണൂർ സ്ക്വാഡ് തന്നെയാണ് കണ്ണൂർ വാരിയേഴ്സ്. ടീമിലെ 9 താരങ്ങൾ കണ്ണൂർക്കാരാണ്. ഫൈനലിൽ തൃശൂർ മാജിക്ക് എഫ്സിയെ 1-0ത്തിനു വീഴ്ത്തിയാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ 10 പേരായിട്ടും അവർ പ്രതിരോധ കോട്ടകെട്ടി വിജയം കൈവിടാതെ കാത്തു.
ഒന്നാം പകുതിയിൽ ആവേശകരമായ പോരാട്ടത്തിൽ കത്തിക്കയറിയ കണ്ണൂർ വാരിയേഴ്സിന് മുൻപിൽ പലപ്പോഴും തൃശൂരിൻ്റെ പ്രതിരോധ കോട്ട യിളകി. തുടർച്ചയായി അക്രമണം നടത്തി മാജിക് എഫ്സിയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഹോം ഗ്രൗണ്ടെന്ന ആനുകൂല്യം കണ്ണൂരിന് ഉണ്ടായിരുന്നുവെങ്കിലും തൃശൂരിനും കൈയടി കിട്ടി.
സെമി ഫൈനലില്‍ കളിച്ച ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് നിര്‍ണായക മത്സരത്തിന് ഇരു ടീമുകളും ഇറങ്ങിത്. 4-3-3 ഫോര്‍മേഷനിലാണ് മാനുവൽ സാഞ്ചസ് ടീമിനെ ഇറക്കിയത്. കണ്ണൂരിന് വേണ്ടി സെമി ഫൈനലടക്കം 11 മത്സരങ്ങള്‍ കളിച്ച പ്രതിരോധ താരം വികാസ് പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായിരുന്നു. പകരം അശ്വിന്‍ കുമാര്‍ ആദ്യ ഇലവനില്‍ എത്തി.
തൃശൂര്‍ മാജിക് എഫ്സിയില്‍ രണ്ട് മാറ്റങ്ങളുണ്ടായിരുന്നു. 4-4-2 എന്ന ഫോര്‍മേഷനില്‍ അഞ്ച് പ്രതിരോധ താരങ്ങളെ ഇറക്കി അലന്‍ ജോണിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കി ഇറക്കി. തൃശൂരിന്റെ മധ്യനിര നിന്ത്രിച്ചിരുന്ന സൂപ്പര്‍ താരം ലെനി റോഡ്രിഗസ്, ഫ്രാന്‍സിസ് അഡോ എന്നിവര്‍ക്ക് പകരമായി അലന്‍ ജോണും ഉമശങ്കറും ആദ്യ ഇലവനിലെത്തി.
13ാം മിനിറ്റില്‍ തൃശൂര്‍ താരം മാര്‍ക്കസ് ജോസഫിന് കണ്ണൂരിന്റെ പ്രതിരോധ താരം അശ്വിനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 15ാം മിനിറ്റില്‍ വലത് വിങ്ങില്‍ നിന്നു സിനാന്‍ നല്‍കിയ ക്രോസ് സെക്കൻഡ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസ് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തു. ഗോളാകേണ്ടിയിരുന്ന അവസരം തൃശൂര്‍ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകൊണ്ടു തടുത്തു.
ഈ ഫൗളിനു ആദ്യം റഫറി പെനാല്‍റ്റി വിളിച്ചില്ല. എന്നാൽ കണ്ണൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫോര്‍ത്ത് റഫറി പെനാൽറ്റിയെന്നു വിധിയെഴുതി. 18ാം മിനിറ്റിൽ കണ്ണൂരിന്റെ അസിയര്‍ ഗോമസ് എടുത്ത പെനാല്‍റ്റി കിക്ക് ഗോളായി മാറി. ഇതോടെ ഗ്യാലറി ഇളകി മറിഞ്ഞു. ഗോൾ പോസ്റ്റിന് പിന്നിലുള്ള ബാരികേഡ് ചാടി കടന്നാണ് വാരിയേഴ്സ് വിജയമാഘോഷിച്ചത്.
25ാം മിനിറ്റിൽ കണ്ണൂരിന് അടുത്ത അവസരം. കീന്‍ ലീയിസ് പെട്ടെന്ന് എറിഞ്ഞ ലോങ് ത്രോ ഓടിയെടുത്ത അറ്റാക്കിങ് താരം ഷിജിന്‍ ബോക്‌സിന് പുറത്ത് നിന്നു ഗോള്‍ ലക്ഷ്യമാക്കി ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും തൃശൂരിന്റെ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ മനോഹരമായി തട്ടിയകറ്റി. 29ാം മിനിറ്റിൽ കണ്ണൂരിന്റെ പ്രതിരോധ താരത്തിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. തൃശൂരിന്റെ കൗണ്ടര്‍ അറ്റാക്കിങ് തടുക്കവേ ചെയ്ത ഫൗളിനാണ് കാര്‍ഡ്.
33ാം മിനിറ്റിൽ തൃശൂരിന് സുവര്‍ണാവസരം. ഫയാസ് എടുത്ത ഫ്രീകിക്ക് കണ്ണൂരിന്റെ സെക്കൻഡ് പോസ്റ്റിലേക്ക് ഉയര്‍ത്തി നല്‍കി. ഉയര്‍ന്ന് ചാടി ബിബിന്‍ അജയന്‍ ബോക്‌സിനകത്ത് നിലയുറപ്പിച്ച തേജസിന് ഹെഡ് ചെയ്ത് നല്‍കി. തേജസ് പന്ത് സ്വീകരിച്ചു കുതിക്കവേ ഗോള്‍ കീപ്പര്‍ മാത്രമായിരുന്നു മുന്നിൽ. എന്നാൽ താരം ബാറിന് മകളിലൂടെ പുറത്തേക്കാണ് ഷോട്ടടിച്ചത്. ഒന്നാം പകുതിയുടെ അധിക സമയത്ത് തൃശൂരിന്റെ കെവിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും കൃത്യമായി കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസ് രക്ഷകനായി എത്തി.
പിന്നാലെ കണ്ണൂരിന്റെ കൗണ്ടര്‍ അറ്റാക്ക്. ഷിജിന്‍ ടി നടത്തിയ സോളോ മുന്നേറ്റം. പ്രതിരോധത്തെ കബളിപ്പിച്ച് ഷിജിന്‍ അടിച്ച പന്ത് പക്ഷേ മനോഹരമായി തൃശൂര്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ തട്ടിയകറ്റി. ടൂര്‍ണമെന്റിലെ തന്നെ മികച്ച സേവ്.
ആദ്യ പകുതിയ്ക്കു പിരിയുന്നതിനു തൊട്ടുമുൻപ് കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന്‍ സുനിലിന് റെഡ് കാര്‍ഡ്. കണ്ണൂര്‍ പോസ്റ്റിലേക്ക് കെവിന്‍ നടത്തിയ അറ്റാക്കിങ് തടുക്കവേ ഫൗളായി മാറുകയായിരുന്നു. കണ്ണൂര്‍ പത്ത് പേരായി ചുരുങ്ങിയതോടെ ഇടവേളയ്ക്കു ശേഷം കളി അൽപ്പം മന്ദഗതിയിലായി. പിന്നീട് തൃശൂർ കളിയിലേക്ക് തിരിച്ചു വന്നു.
84ാം മിനിറ്റിൽ അവർ ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് നിരാശപ്പെടുത്തി. പലപ്പോഴും പരുക്കൻ രീതിയിലേക്ക് കളി മാറിയത് രസം കെടുത്തി. എന്നാൽ അവസാന 20 മിനിറ്റിൽ തൃശൂർ ഉണർന്നു കളിച്ചതോടെ കണ്ണൂരിൻ്റെ ഗോൾ പോസ്റ്റിനു മുകളിലൂടെ പന്തുകൾ ചീറിപ്പാഞ്ഞു. പലപ്പോഴും രക്ഷയായത് കണ്ണൂർ ഗോൾ കീപ്പറുടെ മിന്നും പ്രകടനമാണ്. എക്സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച അവസരവും ഗോൾ പോസ്റ്റിനു മുകളിലൂടെ അടിച്ചു കളഞ്ഞ തൃശൂർ കോർണർ കിക്കും പാഴാക്കിയതോടെ ഫൈനൽ വിസിൽ മുഴങ്ങി.
ചലച്ചിത താരങ്ങളായ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, സ്പീക്കർ എഎൻ ഷംസീർ തുടങ്ങിയ പ്രമുഖർ മത്സരം വീക്ഷിക്കാനെത്തിയിരുന്നു. നിറഞ്ഞ ഗ്യാലറിയിലെ ആവേശത്തിരയിളക്കം നെഞ്ചേറ്റിയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കണ്ണൂർ ഇന്നുവരെ കാണാത്ത ജനസാഗരമാണ് ജവഹർ സ്റ്റേഡിയത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates