മഡ്ഗാവ്: ഐഎസ്എല്ലിൽ ഒന്നാം സ്ഥാനക്കാരെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാനും കേരള ടീമിന് സാധിച്ചു. ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദ്, വാസ്ക്വസ്, ജോർജ് ഡയസ് എന്നിവരാണ് വല കുലുക്കിയത്.
ഫത്തോർഡ സ്‌റ്റേഡിയത്തിൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല. കളിയുടെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സിന് മുംബൈ പതറി. 27ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിലൂടെ മഞ്ഞപ്പട വല ചലിപ്പിച്ചു. ജോർജ് ഡയാസ് ബോക്‌സിൽ നിന്ന് ലോബ് ചെയ്ത നൽകിയ പന്ത് മാർക്ക് ചെയ്യപ്പെടാതിരുന്ന സഹൽ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി. ജീക്‌സൺ സിങ് നൽകിയ പാസിൽ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്റെ ഗോൾ. വാസ്‌ക്വസാണ് ഹീറോ ഓഫ് ദ മാച്ചും.
50ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട മുർത്താത ഫാളിന് മാർച്ചിങ് ഓർഡർ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. തുടർന്ന് 40 മിനിറ്റിലേറെ സമയം 10 പേരുമായാണ് മുംബൈ മത്സരം പൂർത്തിയാക്കിയത്. ജോർജ് ഡയസിനെ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു.
51ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ഡയസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates