ചാംപ്യൻമാരെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് വിജയ വഴിയിൽ

ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് വീഴ്ത്തി
Riya Basheer's batting
റിയ ബഷീറിന്റെ ബാറ്റിങ് (KCL 2025)
Updated on
2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിൽ നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാൻഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ട്രിവാൻ‍‍ഡ്രം 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്താണ് സീസണിലെ ആദ്യ ജയം തൊട്ടത്.

അർധ സെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ സ്കോർ 100 പോലും കടത്താൻ സാധിക്കാതെ വിയർത്ത ട്രിവാൻഡ്രത്തിന്റെ ശക്തമായ തിരിച്ചു വരവാണിത്. ആദ്യ മത്സരത്തിൽ അവർ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ജയം പിടിക്കാൻ ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിൻ്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്.

Riya Basheer's batting
'മെസി വരും ട്ടാ...'; അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍! ഉറപ്പിച്ചു

പിന്നീട് ഗോവിന്ദ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മത്സരത്തിൽ റോയൽസിന് നിർണായകമായത്. ഗോവിന്ദ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായി. ഒരുഭാ​ഗത്ത് കൂട്ടുകാർ മടങ്ങുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നൽകി. എന്നാൽ മനഃസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൽ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൽ ബാസിദിൻ്റെ മികവിൽ 19ാം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി.

കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.

Riya Basheer's batting
ഓപ്പണിങില്‍ രണ്ട് അർധ സെഞ്ച്വറികൾ! ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് തൃശൂര്‍ ടൈറ്റന്‍സ്

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൗട്ടാക്കി. സ്കോർ 28ൽ നിൽക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി.

എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി. കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു വത്സൽ ഗോവിന്ദിൻ്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്സിന് തിരിച്ചടിയായി. 36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്.

തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ എം ഷറഫുദ്ദീൻ്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിൻ്റെ പ്രകടനം കൊല്ലത്തിന് മികച്ച സ്കോർ സാധ്യമാക്കി. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. റോയൽസിനായി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Summary

KCL 2025: Batting first, Kollam Sailors scored 164 runs for the loss of 9 wickets in 20 overs. In reply, Royals reached the target with one over remaining.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com