'ചേട്ടൻ സാംസൺ' 50 നോട്ടൗട്ട്! ട്രിവാൻഡ്രത്തെ അനായാസം വീഴ്ത്തി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്

കെസിഎൽ രണ്ടാം പോരിൽ കൊച്ചിക്ക് 8 വിക്കറ്റ് ജയം
Saly Samson's batting, Sanju Samson
സാലിയുടെ ബാറ്റിങ്, വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സഞ്ജു സാംസൺ (KCL 2025)
Updated on
2 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിലെ ആദ്യ ദിനത്തിലെ രണ്ടാം പോരിൽ സഞ്ജു സാംസന്റെ ചേട്ടൻ സാലി സാംസൺ ടീമിനെ കിടിലൻ അർധ സെഞ്ച്വറിയുമായി മുന്നിൽ നിന്നു നയിച്ചു. രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന് അനായാസ വിജയം. ട്രിവാൻഡ്രം റോയൽസിനെ അവർ എട്ട് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ട്രിവൻഡ്രം നിശ്ചിത ഓവറിൽ വെറും 97 റൺസ് മാത്രമാണ് കണ്ടെത്തിയത്. ബ്ലൂ ടൈ​ഗേഴ്സ് 11.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 99 റൺസെടുത്ത് അതിവേ​ഗം ജയം തൊട്ടു.

നാലാമനായി ക്രീസിലെത്തിയ നായകൻ കൂടിയായ സാലി 30 പന്തിൽ 3 സിക്സും 5 ഫോറും സഹിതം 50 റൺസെടുത്തു പുറത്താകാതെ നിന്നാണ് ടീമിനെ ജയത്തിലെത്തിച്ചത്. 12ാം ഓവറിലെ അഞ്ചാം പന്തിൽ അജിത്തിനെതിരെ ബൗണ്ടറിയടിച്ച് സാലി തന്റെ അർധ സെഞ്ച്വറിയും ടീമിന്റെ ജയവും ഉറപ്പിച്ചു.

അനായാസ ജയത്തിലേക്ക് ബാറ്റിങ് തുടങ്ങിയ കൊച്ചിക്ക് 6 റൺസ് ചേർക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർ 22ലും 28ലും അവർക്ക് ഓപ്പൺമാരെ നഷ്ടമായി. ഓപ്പണർമാരായ ജോബിൻ ജോബിയും വിനൂപ് മനോഹരനും ചെറിയ സ്കോറുകളുമായി മടങ്ങി. ജോബിൻ ജോബി 8 റൺസും വിനൂപ് മനോഹരൻ 14ഉം റൺസും കണ്ടെത്തി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സാലി സാംസണും മുഹമ്മദ് ഷാനുവും ചേർന്ന് കൊച്ചിയെ വിജയതീരത്തെത്തിച്ചു. ഷാനു പുറത്താതാകാതെ 20 പന്തിൽ 23 റൺസെടുത്തു. ട്രിവാൻഡ്രം റോയൽസിന് വേണ്ടി ടി എസ് വിനിൽ ഒരു വിക്കറ്റ് വീഴ്ത്തി.

Saly Samson's batting, Sanju Samson
ആദ്യ കളി തന്നെ ത്രില്ലര്‍, നാടകീയം! കാലിക്കറ്റിനെ തകര്‍ത്ത് ആവേശ ജയം പിടിച്ച് ഏരീസ് കൊല്ലം

തുടക്കത്തിൽ സ്വയം വരുത്തിയ പിഴവുകളാണ് മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന് തിരിച്ചടിയായത്. അതിൽ നിന്നു കരകയറാൻ പിന്നീടവർക്കായില്ല. വിലപ്പെട്ട മൂന്ന് വിക്കറ്റുകളാണ് റോയൽസ് താരങ്ങൾ റണ്ണൗട്ടിലൂടെ വലിച്ചെറിഞ്ഞത്. സ്കോർ ബോർഡ് തുറക്കും മുന്നേ തന്നെ വെടിക്കെട്ട് ബാറ്ററായ എസ് സുബിൻ മടങ്ങി. സഞ്ജു സാംസൻ്റെ മികച്ചൊരു ത്രോയാണ് സുബിൻ്റെ വിക്കറ്റിന് വഴിയൊരുക്കിയത്.

തൊട്ടു പിറകെ റിയ ബഷീറിനെ അഖിൻ സത്താർ പുറത്താക്കി. സ്കോർ 22ൽ നിൽക്കെ വീണ മൂന്ന് വിക്കറ്റുകളാണ് മത്സരത്തിൻ്റെ ഗതി നിർണയിച്ചത്. ഇതിൽ കൃഷ്ണപ്രസാദും ഗോവിന്ദ് പൈയും പുറത്തായത് റണ്ണൗട്ടിലൂടെയായിരുന്നു. അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു ഇരുവരും. തുടർന്നെത്തിയ എം നിഖിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.

നിലയുറപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും, അബ്ദുൾ ബാസിത് 17 റൺസെടുത്ത് പുറത്തായി. അതോടെ വലിയൊരു തകർച്ചയിലേക്ക് വഴുതിയ ടീമിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത് ഓൾ റൗണ്ടർ അഭിജിത് പ്രവീണിൻ്റെയും ബേസിൽ തമ്പിയുടെയും ചെറുത്തുനില്പാണ്. 28 റൺസെടുത്ത അഭിജിത്താണ് റോയൽസിൻ്റെ ടോപ് സ്കോറർ. ബേസിൽ തമ്പി 20 റൺസെടുത്തു. കൊച്ചിയ്ക്കായി അഖിൻ സത്താറും മുഹമ്മദ് ആഷിഖും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Saly Samson's batting, Sanju Samson
കയറി അടിക്കാന്‍ നോക്കി, ഔട്ട്! ക്രീസില്‍ രണ്ട് കൈകൊണ്ടും ആഞ്ഞടിച്ച് പൂരാന്റെ കലിപ്പ് തീര്‍ക്കല്‍ (വിഡിയോ)
Summary

KCL 2025: In the second match, Kochi Blue Tigers had an easy win. They defeated Trivandrum Royals by eight wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com