

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ മാറ്റങ്ങൾ വരുത്തിയത്.
14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിലാണ് ബൈലോ പരിഷ്കരിച്ചത്.
പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും. ഇതിനുപുറമെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയവർക്കായി ഓണററി മെമ്പർഷിപ്പ്, കെസിഎ ക്ലബ് ഹൗസ് മെമ്പർഷിപ്പ്, കെസിഎ സ്റ്റേഡിയം മെമ്പർഷിപ്പ് എന്നീ പുതിയ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെസിഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്സ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഒൻപത് അംഗങ്ങളുള്ള കൗൺസിൽ ഭേദഗതിയോടെ വിപുലീകരിക്കും.
ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണ് മറ്റൊരു പ്രധാന ഭേദഗതി. മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും ലഭിക്കും.
കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നൽകിയവർക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates