ജി സഞ്ജു നയിക്കും; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധനിര താരം ജി സഞ്ജുവാണ് നായകന്‍. 22 അംഗ ടീമിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ തവണയും സഞ്ജു തന്നെയായിരുന്നു ക്യാപ്റ്റന്‍. എറണാകുളം സ്വദേശിയായ സഞ്ജു കേരള പൊലീസ് താരമാണ്. അസമിലാണ് ഇത്തവണ സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.
കേരള ടീമില്‍ 9 പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് കേരളയില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്ക് മികച്ച പരിഗണന ലഭിച്ചു. 28 വര്‍ഷത്തിന് ശേഷം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച മേപ്പാടി സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ പരിശീലകന്‍. കേരള ടീം 19 ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം പുറപ്പെടും.
ഈ മാസം 21നാണ് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍വീസസ്, പഞ്ചാബ്, ഒഡീഷ, റെില്‍വേസ്, മേഘാലയ എന്നീ ടീമുകളാണ് കേരളത്തിനൊപ്പം ബി ഗ്രൂപ്പിലുള്ളത്. കേരളത്തിന്റെ ആദ്യ കളി മുന്‍ചാംപ്യന്‍മാരായ പഞ്ചാബുമായി 22ന് നടക്കും.
24 ന് റെയില്‍വേസ്, 26 ന് ഒഡീഷ, 29 ന് മേഘാലയ, 31 ന് സര്‍വീസസ് ടീമുകളെയും ഗ്രൂപ്പ് റൗണ്ടില്‍ കേരളം നേരിടും. മികച്ച നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനല്‍. അസമിലെ സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍.
ഏഴു തവണ ജേതാക്കളായ കേരളം, കഴിഞ്ഞ തവണ ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. റണ്ണറപ്പായ കേരളം ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരം എബിന്‍ റോസാണ് സഹപരിശീലകന്‍. ഗോള്‍കീപ്പര്‍ കോച്ചായി ഇന്ത്യന്‍ മുന്‍ താരം കെ ടി ചാക്കോയുമുണ്ട്. 2023ല്‍ മലപ്പുറത്ത് നടന്ന ടൂര്‍ണമെന്റിലാണ് കേരളം അവസാനം ചാംപ്യന്‍മാരായത്.
Kerala team announced for Santhosh Trophy football tournament
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

