മുംബൈ: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ജയത്തോടെ മികച്ച തുടക്കമിടാൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് സാധിച്ചു. മത്സരത്തിനിടെ രോഹിത് ശർമയുടെ ക്യാച്ച് കൂട്ടിയിടിച്ച് കൈവിട്ട ആർസിബി താരങ്ങളുടെ വീഡിയോ വൈറലായി മാറി. ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുന്ന കോഹ്‌ലിയേയും വീഡിയോയിൽ കാണാം.
മുംബൈ ബാറ്റിങിന്റെ അഞ്ചാം ഓവറിലാണ് സംഭവം. പേസർ മുഹമ്മദ് സിറാജാണ് പന്തെറിഞ്ഞത്. രോഹിതിന്റെ ബാറ്റിൽ തട്ടി പന്ത് ഉയർന്നു പൊങ്ങിയപ്പോൾ ഇത് കൈയിലൊതുക്കാൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികും മുഹമ്മദ് സിറാജും ഒരേ സമയം ഓടിയെത്തി. രണ്ട് പേരും പന്തിൽ ശ്രദ്ധിച്ചതോടെ ഇരുവരും കൂട്ടിയിടിച്ചു വീണു. ക്യാച്ച് കൈവിടുകയും ചെയ്തു.
ക്യാച്ച് നഷ്ടപ്പെട്ടതിന്റെ കലിപ്പിൽ കോഹ്‌ലി ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. കൂട്ടിയിടിച്ച് വീണതിന് പിന്നാലെ സിറാജ് ഗ്രൗണ്ടിൽ തന്നെ കിടന്നു. പിന്നാലെ ആർസിബി ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു. ഇതിനു ശേഷമാണ് കളി പുനരാരംഭിച്ചത്.
ജീവൻ തിരിച്ചു കിട്ടിയെങ്കിലും രോഹിതിന് അധിക നേരം ക്രീസിൽ നിൽക്കാൻ സാധിച്ചതുമില്ല. തൊട്ടടുത്ത ഓവറിൽ ആകാശ് ദീപിന്റെ പന്തിൽ നായകനെ ദിനേഷ് കാർത്തിക് ക്യാച്ചെടുത്തു മടക്കി.
മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബാംഗ്ലൂർ കുറിച്ചത്. 172 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അവർക്കായി കോഹ് ലി- ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി സഖ്യം സ്ഫോടനാത്മക തുടക്കം നൽകി. ഇരുവരുടേയും അർധ സെഞ്ച്വറി മികവിലാണ് ആർസിബി ജയം പിടിച്ചത്. കോഹ് ലി 49 പന്തിൽ പുറത്താകാതെ 82 റൺസും ഡുപ്ലെസി 43 പന്തിൽ 73ഉം റൺസ് കണ്ടെത്തി. നേരത്തെ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് മുംബൈയ്ക്ക് 171 റൺസെന്ന പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
