ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് തന്റെ ആഹാരക്രമത്തെ കുറിച്ചും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സംസാരിച്ചത്. കോഹ് ലി പങ്കുവെച്ച ഭക്ഷണങ്ങളിൽ മുട്ടയും ഉൾപ്പെട്ടതോടെ ആരാധകരിൽ ചിലർ നെറ്റി ചുളിച്ചെത്തി. മുട്ട കഴിക്കുന്നതിന്റെ പേരിൽ ട്രോളുകൾ നിറഞ്ഞതോടെ ഇപ്പോൾ വിശദീകരണവുമായി എത്തുകയാണ് കോഹ് ലി.
താൻ വീഗനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് കോഹ് ലി പറഞ്ഞു. വെജിറ്റേറിയനായി തുടരാനാണ് താൻ ശ്രമിച്ചിട്ടുള്ളത് എന്നും താരം ട്വിറ്ററിൽ കുറിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇൻസ്റ്റാ ലൈവിൽ എത്തിയപ്പോൾ താൻ പൂർണ വെജിറ്റേറിയൻ ആണെന്ന് കോഹ് ലി പറഞ്ഞിരുന്നു. 2018ൽ എനിക്ക് സെർവിക്കൽ സ്പൈൻ പ്രശ്നമുണ്ടായി. അന്ന് വിരലുകളുടെ സ്പർശന ശേഷി തന്നെ നഷ്ടമായിരുന്നു. എല്ലുകളുടെ ശക്തി ക്ഷയിക്കാൻ തുടങ്ങി.
ഇതോടെ ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാൻ ഞാൻ മാംസം ഒഴിവാക്കി. ഞാൻ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതിന് മുൻപ് ഇത്രയും നന്നായി ഞാൻ ഉണർന്നെഴുന്നേറ്റിട്ടില്ല. ആഴ്ചയിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വന്നാലും ഒരു ദിവസം കൊണ്ട് തന്നെ ക്ഷീണമെല്ലാം മാറ്റി തിരിച്ചു വരാൻ സാധിക്കുന്നതായും അന്ന് കോഹ് ലി പറഞ്ഞിരുന്നു. 2019ലെ ട്വീറ്റിലും താൻ വെജിറ്റേറിയനാണെന്ന് കോഹ് ലി പറയുന്നുണ്ട്. എന്നാൽ വീഗനാണെന്ന് ഒരിടത്തും പറയുന്നില്ല.
ഒരുപാട് പച്ചക്കറി, കുറച്ച് മുട്ടകൾ, രണ്ട് കപ്പ് കോഫി, ക്വിനോവ, കുറേ ചീര, ദോശ എന്നിവയാണ് തന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നതെന്നാണ് കോഹ്ലി വെളിപ്പെടുത്തിയത്. എല്ലാം നിയന്ത്രിത അളവിൽ മാത്രം എന്നും കോഹ് ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates