

ലണ്ടന്‍: ആക്രമണം, ആക്രമണം, ആക്രമണം... ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനിറങ്ങുമ്പോള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ലിവര്‍പൂള്‍ താരങ്ങളോട് പറഞ്ഞത് അതായിരുന്നു. അടിമുടി അവര്‍ തങ്ങളുടെ തട്ടകത്തില്‍ അത് നടപ്പാക്കി. തിരിച്ചു വരവിന്റെ പാതയില്‍ അതിവേഗം സഞ്ചരിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലിവര്‍പൂള്‍ കോച്ച് തന്റെ താരങ്ങള്‍ക്ക് ചൊല്ലിക്കൊടുത്ത പാഠം അപ്രതീക്ഷിതമായി കിട്ടിയ അടിയായി മാറി. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് തങ്ങളെ ആന്‍ഫീല്‍ഡില്‍ കാത്തിരിക്കുന്നതെന്ന് യുനൈറ്റഡ് സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ലിവര്‍പൂളിനോട് മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് അവര്‍ തകര്‍ന്നടിഞ്ഞു.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമാണ് വന്നതെങ്കില്‍ പിന്നീടുള്ള 45 മിനിറ്റ് അക്ഷരാര്‍ഥത്തില്‍ സുനാമി പോലെയായിരുന്നു ലിവര്‍പൂള്‍ താരങ്ങള്‍. രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന ആറ് ഗോളുകളും വന്നത്.
കോഡി ഗാക്‌പോ, ഡാര്‍വിന്‍ ന്യൂനസ്, മുഹമ്മദ് സല എന്നിവര്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു. പകരക്കാരനായി ഇറങ്ങി കളിയുടെ അവസാന മിനിറ്റുകളില്‍ റോബര്‍ട്ട് ഫിര്‍മിനോ ഏഴാം ഗോളും അടിച്ച് വലയില്‍ കയറ്റിയതോടെ ആന്‍ഫീല്‍ഡില്‍ ക്ലോപ് ചമച്ച കഥ ലിവര്‍പൂള്‍ ആടി തീര്‍ത്തു. 2016ന് ശേഷം ആന്‍ഫീല്‍ഡില്‍ ജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പേര് ദോഷം മാറ്റാന്‍ ടെന്‍ ഹാഗിന്റെ തന്ത്രങ്ങള്‍ക്കും സാധിച്ചില്ല.
കളിയുടെ തുടക്കം മുതല്‍ ഇരു പക്ഷവും ഒപ്പം നില്‍ക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുന്നതില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയിക്കുകയും ചെയ്തു. റാഷ്‌ഫോര്‍ഡ് അടക്കമുള്ള താരങ്ങള്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. അതിനിടെ കാസെമിറോയുടെ ഒരു ഹെഡ്ഡര്‍ വലയില്‍ കയറിയെങ്കിലും അത് ഓഫ് സൈഡ് ആയി മാറി.
43ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളടിക്ക് തുടക്കമിട്ടു. കോഡി ഗാക്‌പോയായിരുന്നു വലയചലിപ്പിച്ചത്. റോബര്‍ട്‌സ് പ്രതിരോധത്തെ വെട്ടിച്ച് നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറി ഗാക്‌പോ റാഫേല്‍ വരാന് ഒരവസരവും നല്‍കാതെ ഗോള്‍ കീപ്പര്‍ ഡോവിഡ് ഹെയയെ നിസഹായനാക്കി പന്ത് വലയില്‍ കയറ്റി. ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ഒറ്റ ഗോളിന്റെ മുന്‍തൂക്കമായിരുന്നു ലിവര്‍പൂളിന്.
ഒന്നാം പകുതിയിലെ ലിവര്‍പൂളായിരുന്നില്ല രണ്ടാം പകുതിയില്‍. അവര്‍ ആക്രമണത്തിന്റെ മൂര്‍ധന്യത്തിലേക്ക് തുടക്കത്തില്‍ തന്നെ കയറി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് പിന്നിട്ടപ്പോള്‍ ഡാര്‍വി ന്യൂനസിലൂടെ അവര്‍ രണ്ടാം ഗോളും സ്വന്തമാക്കി. 47ാം മിനിറ്റില്‍ ഹാര്‍വി എലിയറ്റ് ക്രോസായി നല്‍കിയ പന്തില്‍ തല വച്ച് ന്യൂനസ് പന്ത് യുനൈറ്റഡിന്റെ വലയിലിട്ടു.
രണ്ടാം ഗോള്‍ വന്നതോടെ യുനൈറ്റഡ് ചിതറിത്തെറിക്കുന്ന കാഴ്ചയായിരുന്നു. അവരുടെ താളം അപ്പോഴേക്കും തെറ്റിത്തുടങ്ങിയിരുന്നു. 50ാം മിനിറ്റില്‍ മൂന്നാം ഗോള്‍ വന്നു. ഗോളടി തുടങ്ങിയ ഗാക്‌പോ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. മുഹമ്മദ് സലയുടെ മികച്ച അസിസ്റ്റില്‍ നിന്ന് ഗാക്‌പോ യുനൈറ്റഡ് പ്രതിരോധത്തെ അമ്പേ കീഴ്‌പ്പെടുത്തി ഗോള്‍ നേടി.
ലിവര്‍പൂള്‍ ആക്രമണം നിര്‍ത്തിയില്ല. 66ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്ക്. മുഹമ്മദ് സലയായിരുന്നു സ്‌കോറര്‍. ലിവര്‍പൂള്‍ നാല് ഗോളിന് മുന്നില്‍. 75ാം മിനിറ്റില്‍ മറ്റൊരു ഹെഡ്ഡറിലൂടെ ന്യൂനസ് സ്‌കോര്‍ അഞ്ചാക്കി മാറ്റി. 83ല്‍ സല തന്റെ രണ്ടാം ഗോളിലൂടെ ചെമ്പടയുടെ ലീഡ് ആറായി ഉയര്‍ത്തി. ഒടുവില്‍ 88ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫിര്‍മിനോ ടീമിന്റെ ഏഴാം ഗോളും വലയിലിട്ട് യുനൈറ്റഡ് വധം പൂര്‍ത്തിയാക്കി.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ നേടുന്ന ഏറ്റവും മികച്ച വിജയമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ക്ലോപ് വിജയത്തെ വിശേഷിപ്പിച്ചത്. ജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള പ്രവേശനം സജീവമാക്കി നിര്‍ത്താനും ലിവര്‍പൂളിന് സാധിച്ചു. ജയത്തോടെ 42 പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്ത്. 49 പോയിന്റുമായി യുനൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates