റിയോ ഡി ജനീറോ: ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ പോരാട്ടം മത്സരം തുടങ്ങിയതിന് പിന്നാലെ നിർത്തേണ്ടി വന്നിരുന്നു. ബ്രസീലിലേക്ക് വന്ന അർജന്റീന ടീമംഗങ്ങളിൽ നാല് പേർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബ്രസീൽ ആരോഗ്യ വിദഗ്ധർ മത്സരം തുടങ്ങിയതിന് പിന്നാലെ ഗ്രൗണ്ടിലിറങ്ങി നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംഭവം കൂടുതൽ അലങ്കോലമാക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ അർജന്റീന നായകൻ ലയണൽ മെസി പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു.
മത്സരം നിർത്തി വെപ്പിക്കുന്നതിനായി അത്യന്തം നാടകീയമായ രംഗങ്ങൾ സൃഷ്‌ടിച്ച ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അധികാരികളെ മെസി ചോദ്യം ചെയ്‌തു. മൂന്ന് ദിവസം അർജന്റീന ടീം ബ്രസീലിൽ ഉണ്ടായിട്ടും എന്തുകൊണ്ട് ഇപ്പോൾ വന്നു മത്സരം തടയുന്നുവെന്നാണ് മെസി ഹെൽത്ത് ഒഫിഷ്യൽസ് മൈതാനത്തേക്കു വന്നപ്പോൾ ചോദിച്ചത്.
'മൂന്ന് ദിവസമായി ഞങ്ങളിവിടെയുണ്ട്. എന്നിട്ടവർ മത്സരം തുടങ്ങുന്നതിനു വേണ്ടി കാത്തിരിക്കയായിരുന്നോ? എന്തുകൊണ്ടാണ് അതിനു മുൻപോ ഹോട്ടലിൽ വെച്ചോ ഈ മുന്നറിയിപ്പ് തരാതിരുന്നത്? അതു വിശദീകരിച്ചിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ ലോകം മുഴുവൻ ഇതു കണ്ടുകൊണ്ടിരിക്കുകയാണ്'- മെസി തുറന്നടിച്ചു.
പ്രീമിയർ ലീഗിൽ കളിക്കുന്ന നാല് അർജന്റീന താരങ്ങളായ എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവെൻഡിയ, ക്രിസ്റ്റ്യൻ റൊമേരോ, ജിയോവാനി ലോ സെൽസോ എന്നിവർ ക്വാറന്റൈൻ നിയമങ്ങൾ പാലിക്കാതെ ഹെൽത്ത് ഒഫിഷ്യൽസിനെ കബളിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു എന്നതാണ് മത്സരം നിർത്തി വെക്കാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. ഇംഗ്ലണ്ടിൽ നിന്നു വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്ന് ബ്രസീലിൽ നിയമം ഉണ്ട്.
ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു സംഭവമാണ് അരങ്ങേറിയത്. വിഷയത്തിൽ ഇതുവരെ ബ്രസീലിയൻ അധികാരികളുടെ ഭാഗത്തു നിന്നോ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്നോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates