

മയാമി: മേജര്‍ ലീഗ് സോക്കറില്‍ (എംഎല്‍എസ്) ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇന്റര്‍ മയാമി നായകന്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ 31 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടിയാണ് മെസി ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 29 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ മെസി ഇത്തവണയും തന്റെ മികവ് ആവര്‍ത്തിക്കുകയായിരുന്നു.
എഫ്സി ഡാലസിന്റെ പീറ്റര്‍ മുസ (22 ഗോളുകള്‍), നാഷ്വില്‍ എസ്സിയുടെ സാം സറിഡ്ജ് (21 ഗോളുകള്‍) എന്നിവരെ പിന്നിലാക്കിയാണ് മെസി ഒന്നാമതെത്തിയത്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ 25ലധികം ഗോളുകള്‍ നേടുന്ന എംഎല്‍എസ് ചരിത്രത്തിലെ രണ്ടാമത്തെ താരം കൂടിയാണ് 39കാരനായ മെസി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 55 ഗോളുകളാണ് താരം നേടിയത്. ഈ വര്‍ഷം 21 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനും മെസി വിരാമമിട്ടിരുന്നു. അതേസമയം, ക്ലബ് ഫുട്‌ബോളില്‍ ഇനിയും തുടരാനാണ് താരത്തിന്റെ തീരുമാനം. ഒക്ടോബറില്‍ ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ നീട്ടിയിരുന്നു.
റെഗുലര്‍ സീസണ്‍ അവസാനിച്ചപ്പോള്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നവംബര്‍ 19ന് എംഎല്‍എസ് കപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കും. പ്ലേ ഓഫില്‍ കൊളംബസ് ക്രൂവിനെയാണ് ഇന്റര്‍ മയാമി നേരിടുക. തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതോടെ എംഎല്‍എസിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളെന്ന തന്റെ സ്ഥാനം മെസി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates