

കൊൽക്കത്ത: ഇതിഹാസ താരം ലയണൽ മെസിയുടെ സന്ദർശനത്തിനു പിന്നാലെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നാലെ ആരാധകർക്ക് ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്നു ഇയാൾ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഇതിഹാസ ഫുട്‌ബോൾ താരം അർജന്റീനയുടെ ലയണൽ മെസിക്ക് കൊൽക്കത്തയിൽ ഊഷ്മള വരവേൽപ്പ് ആണ് നൽകിയത്. എന്നാൽ മെസിയോടുള്ള ആരാധകരുടെ സ്‌നേഹം പിന്നീട് രോഷപ്രകടനത്തിലേക്ക് വഴിമാറുന്ന നടുക്കുന്ന കാഴ്ചയാണ് തുടർന്നുള്ള മണിക്കൂറുകളിൽ കണ്ടത്. ശനിയാഴ്ച നഗരത്തിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ മെസി എത്തിയതിന് പിന്നാലെയാണ് കുഴപ്പങ്ങൾ തുടങ്ങിയത്.
മെസിയെ കാണാൻ ആവശ്യത്തിനു സമയം ലഭിച്ചില്ലെന്നു ആരോപിച്ച് ഒരു വിഭാഗം ആരാധകർ പ്രതിഷേധവുമായി എത്തി. മെസിയെ വരവേൽക്കാൻ സ്ഥാപിച്ച ബാനറുകൾ തകർത്തും മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞും സ്റ്റേഡിയത്തിലെ കസേര എടുത്തെറിഞ്ഞുമൊക്കെ ആരാധകർ അക്രമം അഴിച്ചുവിട്ടു.
ഗോട്ട് ടൂറിന്റെ ഭാഗമായി 3 ദിവസത്തെ സന്ദർശനത്തിനാണ് ശനിയാഴ്ച പുലർച്ചെ മെസി കൊൽക്കത്തയിൽ എത്തിയത്. പിന്നീട് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിപാടിക്കായി മെസി എത്തിയെങ്കിലും പെട്ടെന്നു മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
സ്‌റ്റേഡിയത്തിൽ എത്തി 20 മിനിറ്റിനുള്ളിൽ മെസി വേദി വിട്ടതോടെ, താരത്തെ ഒരുനോക്ക് കാണാൻ തിരക്കുകൂട്ടിയ ആരാധകരുടെ ക്ഷമ നശിച്ചു. താരത്തെ അടുത്തുകാണാൻ സാധിക്കാതെ വന്നതോടെ നിരാശരായ ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. മെസി രാവിലെ 11.30നാണ് സ്റ്റേഡിയത്തിൽ എത്തിയത്.
സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസിയോട് ക്ഷമ ചോദിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മോശം മാനേജ്മെന്റിൽ താൻ വളരെയധികം അസ്വസ്ഥയാണെന്നും സംഭവം ഞെട്ടിച്ചതായും മമത എക്‌സിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates