

കോഴിക്കോട്: വേള്‍ഡ് ട്രയാത്തലോണ്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച അയണ്‍മാന്‍ ട്രയാത്തലോണ്‍ മത്സരത്തില്‍ മികച്ച പ്രകടനംകാഴ്ചവച്ച് മലയാളിയായ വിഷ്ണു പ്രസാദ് 'അയണ്‍മാന്‍'എന്ന അത്യപൂര്‍വ പദവി സ്വന്തമാക്കി. ലോകത്തിലെതന്നെ ഏറ്റവും പ്രയാസമേറിയ ഏകദിന കായിക ഇനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഈ മത്സരസീരീസില്‍ 3.9കിലോമീറ്റര്‍ നീന്തല്‍,180.2 കിലോമീറ്റര്‍ സൈക്കിള്‍ റേസ്, 42.2 കിലോമീറ്റര്‍ ദൂരെ ഓട്ടം എന്നിങ്ങനെ ആകെ 226.3കിലോമീറ്റര്‍ 17 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് അത്യപൂര്‍വനേട്ടം സ്വന്തമാക്കിയത്.
ഓരോ കായിക ഇവന്റുകള്‍ക്കും പ്രത്യേക വ്യക്തിഗത കട്ട് ഓഫ് സമയം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അടുത്ത മത്സരത്തിലേക്ക് പ്രവേശിക്കുവാന്‍ യോഗ്യത നേടുകയുള്ളൂ. ട്രയാത്തലോണ്‍ മത്സരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടത്തപ്പെടുന്നുണ്ടെങ്കിലുംഅയണ്‍മാന്‍ ട്രയാത്തലോണ്‍ മത്സരം പൂര്‍ത്തിയാക്കുക എന്നത് അതികഠിനമായ കാര്യമാണ്. മികച്ചകായിക ക്ഷമതയും ആരോഗ്യവും ശുഭപ്രതീയയുമുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇത്തരമൊരു മെഗാ ഈവന്റില്‍ വിജയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ നടന്നുവരുന്ന അയണ്‍മാന്‍ ട്രയാത്തലോണ്‍ മത്സരത്തിലെ ദൂരം കേവലം 113 കിലോമീറ്റര്‍ മാത്രമാണ് എന്നത് വിഷ്ണുവിന്റെ നേട്ടത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
കോഴിക്കോട് സ്വദേശിയായ വിഷ്ണുപ്രസാദ് അയണ്‍ മാന്‍ പദവി എന്ന തന്റെ സ്വപ്നനേട്ടത്തിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി കഠിന പരിശീലനത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.2022ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍
നടന്ന ഹാഫ് അയണ്‍മാന്‍ മത്സരം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.ഈ മത്സരത്തില്‍ നിന്നും ലഭ്യമായ ആത്മവിശ്വാസമാണ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന അയണ്‍മാന്‍ മത്സരത്തിലിറങ്ങുവാന്‍ പ്രചോദനമായതും മാസ്മരികനേട്ടത്തിലേക്ക് നയിച്ചതും.
തുടര്‍ച്ചയായി പിന്തുടര്‍ന്ന ശാസ്ത്രീയ കായിക പരിശീലനം, ജിംവര്‍ക്ക്ഔട്ട്, ദീര്‍ഘദൂര സൈക്കിള്‍ സവാരി,മാരത്തോണ്‍, നീന്തല്‍,ഭക്ഷണ നിയന്ത്രണം എന്നിവയാണ് വിഷ്ണുവിന്റെ നേട്ടത്തിന് തുണയായത്. കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുപ്രസാദ് നിലവില്‍ ഓസ്‌ട്രേലിയയിലെ പ്രമുഖനിര്‍മ്മാണ കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റര്‍ ആയി ജോലി ചെയ്തുവരികയാണ്.കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലറും എസ്‌സിഇആര്‍ടി ഡയറക്ടറുമായിരുന്ന ഡോ. ജെപ്രസാദിന്റെയും അധ്യാപികയായിരുന്ന വത്സലകുമാരിയുടെയും മകനാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates